ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയായിട്ടും താന്‍ വന്ന വഴി മോഡി മറന്നില്ലെന്നും 'ചായ്‌വാല' എന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മോഡിയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുവില്‍ നടന്ന ഒരു പരിപാടിയില്‍ ഗുജ്ജാര്‍ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങള്‍ നരേന്ദ്രമോഡിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ്‌വാലയെന്നാണ്. നരേന്ദ്രമോഡിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്'- ആസാദ് പറഞ്ഞു.
രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോഡി കണ്ണീരോടെ വിട നല്‍കിയതിന് പിറകേയാണ് ഗുലാം നബി ആസാദിന്റെ മോഡി പ്രശംസ. ഗുലാം നബി ആസാദിന് വിടനല്‍കിക്കൊണ്ട് നടത്തിയ 13 മിനിട്ട് നീണ്ട പ്രസംഗത്തില്‍ പലപ്പോഴും മോഡി വികരാധീനനായി വിതുമ്പിയിരുന്നു. 2007ലെ ഭീകരവാദ അക്രമത്തില്‍ കശ്മീരില്‍ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നല്‍കിയ സഹായങ്ങളേക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് മോഡി വികരാധീനനായത്.