റിയാദ് - ജമാല്‍ ഖശോഗി വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച സൗദി വിരുദ്ധ റിപ്പോര്‍ട്ടില്‍ സൗദി അറേബ്യക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും ഗള്‍ഫ് സഹകരണ കൗണ്‍സിലും ഗള്‍ഫ് രാജ്യങ്ങളും.
സി.ഐ.എ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സൗദി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ പിന്തുണക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ അടങ്ങിയ അവാസ്തവമായ നിഗമനങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നതായി ഒ.ഐ.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. വ്യക്തമായ ഒരു തെളിവും റിപ്പോര്‍ട്ടിലില്ല. സൗദി ഭരണാധികാരികള്‍ക്കും പരമാധികാരത്തിനും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതും അതിക്രമവും അംഗീകരിക്കില്ല. ഖശോഗി വധത്തില്‍ സൗദി നീതിന്യായ സംവിധാനം സ്വീകരിച്ച മുഴുവന്‍ നടപടികളെയും ഒ.ഐ.സി പിന്തുണക്കുന്നു. പ്രാദേശിക, ആഗോള സുരക്ഷയും സമാധാനവും സംരക്ഷിക്കാനും ഭീകര വിരുദ്ധ പോരാട്ടത്തിനും മിതവാദവും മധ്യമനിലപാടും ശക്തിപ്പെടുത്താനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തില്‍ സൗദി അറേബ്യ വഹിക്കുന്ന മുന്‍നിര പങ്കിനെ ഒ.ഐ.സി സെക്രട്ടറി ജനറല്‍ പ്രശംസിക്കുകയും ചെയ്തു.
സൗദി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ പിന്തുണക്കുന്നതായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫും പറഞ്ഞു. മേഖലാ, ആഗോള സമാധാനവും സുരക്ഷയും ശക്തമാക്കുന്നതിലും ഭീകര വിരുദ്ധ പോരാട്ടത്തിലും സൗദി അറേബ്യ വലിയ പങ്ക് വഹിക്കുന്നു. ഇത് ചരിത്രപരവും പ്രശംസനീയവുമായ പങ്കാണ്. യാതൊരുവിധ തെളിവുമില്ലാത്ത, വെറും അഭിപ്രായം മാത്രമാണ് യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ വെച്ച റിപ്പോര്‍ട്ട്. അവകാശങ്ങളും ആര്‍ജിത നേട്ടങ്ങളും സംരക്ഷിക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നതായും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.
സൗദി കോടതികള്‍ പ്രഖ്യാപിക്കുന്ന വിധികളെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായി യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു. ഖശോഗി വധക്കേസിലെ സൗദി കോടതി വിധി, നിയമം സുതാര്യതയോടും സമഗ്രതയോടും കൂടി നടപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഈ കേസിലെ മുഴുവന്‍ പ്രതികളെയും വിചാരണ ചെയ്ത് ശിക്ഷിക്കുമെന്നും സ്ഥിരീകരിക്കുന്നു.
മേഖലയില്‍ സുരക്ഷയും സ്ഥിരിതയുമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ നടത്തുന്ന മുഴുവന്‍ ശ്രമങ്ങള്‍ക്കുമൊപ്പം യു.എ.ഇ നിലയുറപ്പിക്കും. ഖശോഗി വധക്കേസ് നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കാനും സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുമുള്ള ഏതു ശ്രമങ്ങളെയും നിരാകരിക്കുന്നതായും യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു. സൗദി അറേബ്യയുടെ പരമാധികാരത്തെ തൊട്ടുകളിക്കാനുള്ള ഒരു ശ്രമങ്ങളും അംഗീകരിക്കില്ലെന്ന് കുവൈത്തും ബഹ്‌റൈനും യെമനും ജിബൂത്തിയും അറബ് പാര്‍ലമെന്റും വ്യക്തമാക്കുകയും സൗദി അറേബ്യക്ക് ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.