ഷഫിൻ ജഹാനൊപ്പവും അച്ഛൻ അശോകനൊപ്പവും വിടില്ല
ന്യൂദൽഹി- ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി. പഠനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ട കോടതി ഹാദിയയുടെ സംരക്ഷണ ചുമതല തമിഴ്‌നാട്ടിലെ സേലത്ത് ഹാദിയ പഠിച്ച ഹോമിയോ കോളേജിന്റെ ഡീനിനെ ഏൽപ്പിച്ചു. ഹാദിയക്ക് പഠിക്കാനാവശ്യമായ ഫീസ് അടക്കമുള്ള ചെലവ് കേരള സർക്കാറിനോട് വഹിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹാദിയയുടെ പഠനം പൂർത്തിയാക്കാൻ ഇനിയും പതിനൊന്ന് മാസമുണ്ട്. പഠനം പൂർത്തിയാക്കണമെന്നും അതിന് ശേഷം മാത്രമേ പൂർണ ഡോക്ടറാകൂവെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഹാദിയയെ ഭർത്താവ് ഷെഫിൻ ജഹാന്റെയും അച്ഛൻ അശോകന്റെയും കൂടെ വിടാൻ കോടതി തയ്യാറായില്ല. ഷെഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതി തയ്യാറായില്ല.
സേലത്തെ ഹോമിയോ കോളേജിലേക്ക് ഹാദിയയെ കൊണ്ടുപോകുന്നത് വരെ ദൽഹിയിലെ കേരള ഹൗസിൽ ഹാദിയ തുടരും. കേസ് ഇനി ജനുവരിയിൽ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ എട്ടുമാസമായി കുടുംബാംഗങ്ങളിൽനിന്നും മറ്റും കനത്ത പീഡനമാണ് ഏൽക്കേണ്ടി വന്നതെന്നും ഹാദിയ കോടതിയിൽ പറഞ്ഞു. വിവാഹം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾക്കാണ് മുൻതൂക്കമെന്നും എന്നാൽ ഇത്തരം കാര്യങ്ങളിൽ ചില സന്ദർഭങ്ങളിൽ മറ്റു തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.കോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അശോകന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഷെഫിന്‍ ജഹാന് ഹാദിയയെ കാണുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമില്ല.