ജമ്മു- കഴിഞ്ഞ ദശകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുർബലമയെന്നും പുതിയ തലമുറ നേതാക്കളുമായുള്ള ബന്ധം ശക്തമാണെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ ആവശ്യമാണെന്നും നേരത്തെ പാർട്ടി നേതൃത്വത്തിനെതിരെ ശബ്ദം ഉയർത്തിയ ഗ്രൂപ്പ് 23 നേതാക്കളില്‍ ചിലർ ആവർത്തിച്ചു.
പാർട്ടിയുടെ പോക്കില്‍ അതൃപ്തി പ്രകടിപ്പിച്ച് 23 നേതാക്കള്‍ കഴിഞ്ഞ വർഷം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയത് വിവാദമായിരുന്നു.
ജമ്മുവില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നേതൃത്വത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസിലെ തിരുത്തൽവാദി നേതാക്കൾ വീണ്ടും രംഗത്തുവന്നത്. രാജ്യത്ത് കോൺഗ്രസ് ദുർബലമാകുകയാണെന്ന സത്യം മറച്ചുവെക്കാൻ കഴിയില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞു. ശാന്തിസമ്മേളനം എന്ന പേരിലാണ് അടിത്തട്ടിലെ പ്രവർത്തകരുമായി ബന്ധം ശക്തമാക്കുന്നതിനുള്ള പരിപാടി സംഘടിപ്പിച്ചത്.
രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് ശ്രീനഗറിൽ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍. ഗുലാം നബി ആസാദിനെ പാർലമെന്റില്‍നിന്ന് വിരമിക്കാന്‍ അനുവദിച്ചത് തന്നെ ദുഃഖിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താന്‍ പാർട്ടിക്ക് കഴിയേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എൻജിനിലെ തകരാര്‍ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും. ഇത്തരത്തിലുള്ള ഒരു നേതാവിനെ എന്തുകൊണ്ട് മാറ്റി നിർത്തിയെന്ന് മനസിലാകുന്നില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി. പാർട്ടി അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ചർച്ച ചെയ്യുന്നതിനാണ് താനും നേതാക്കളും ജമ്മുവില്‍ യോഗം ചേർന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു.
കോൺഗ്രസിലേക്ക് ജനാല ചാടി വന്നവരല്ല തങ്ങളെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ആനന്ദ് ശർമ പറഞ്ഞു. പാര്‍ട്ടിയുടെ നന്മയ്ക്കാണ് ഞങ്ങളുടെ ശബ്ദം ഉയർത്തുന്നത്. എല്ലായിടത്തും ഇത് വീണ്ടും ശക്തിപ്പെടുത്തണമെന്നും ആനന്ദ് ശർമ പറഞ്ഞു.
മനീഷ് തിവാരി, ഭൂപീന്ദർഹൂഡ, രാജ് ബബ്ബാർ തുടങ്ങിയവരും സംബന്ധിച്ചു.