ന്യൂദൽഹി- ഹാദിയ കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. ഷെഫിൻ ജഹാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദമാണ് കോടതിയിൽ നടക്കുന്നത്. ഈ കേസിൽ എൻ.ഐ.ഐ അനാവശ്യം തിടുക്കം കാണിച്ചുവെന്ന് കപിൽ സിബൽ ആരോപിച്ചു. തെളിവില്ലാത്ത ഒട്ടേറെ കാര്യങ്ങളിൽ ഊന്നിനിൽക്കാതെ നിങ്ങൾക്ക് മുന്നിലിരിക്കുന്ന ഈ പെൺകുട്ടിയോട് സംസാരിക്കൂവെന്ന് കപിൽ സിബൽ പറഞ്ഞു. ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നയാളുമായി ഷെഫിൻ ജഹാൻ ബന്ധപ്പെട്ടുവെന്ന ആരോപണവും ഹാദിയയുടെ അച്ഛൻ അശോകന്റെ അഭിഭാഷകന്റെ വാദത്തെ എതിർത്താണ് കപിൽ സിബൽ ഇങ്ങിനെ വാദിച്ചത്.
ഹാദിയയെ മതം മാറ്റിയ മഞ്ചേരിയിലെ സത്യസരണിയുമായി ബന്ധപ്പെട്ട് പതിനൊന്ന് കേസുകളുണ്ടെന്നും ബാക്കി കേസുകൾ അന്വേഷിച്ചുവരികയാണെന്നും എൻ.ഐ.എ അറിയിച്ചു. തീവ്രവാദ ബന്ധമുള്ള കേസായതിനാൽ അടച്ചിട്ട കോടതി മുറിയിൽ വേണമെന്നും അശോകന്റെ അഭിഭാഷകൻ വാദിച്ചു. ഇതിനെയും കപിൽ സിബൽ എതിർത്തു.