മലപ്പുറം- കുവൈത്ത് ജയിലിൽ വധശിക്ഷ നേരിട്ട തമിഴ് യുവാവിന്റെ മോചനത്തിന് വഴി തെളിയുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുൻകയ്യെടുത്താണ് മോചനം സാധ്യമാക്കിയത്. വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവ് നൽകേണ്ട ദിയാധനം മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പിരിച്ചെടുത്താണ് തമിഴ് യുവാവിനെ മരണത്തിന്റെ മുനമ്പിൽനിന്ന് രക്ഷിച്ചത്.
തമിഴ്‌നാട് സ്വദേശിയായ അർജുനന് കോടതിയിൽ കെട്ടിവെക്കാനുള്ള 25 ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അർജുനന്റെ ഭാര്യ മാലതിക്ക് ഇന്ന് രാവിലെ കൈമാറി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മാലതി പാണക്കാടെത്തി സഹായം തേടിയത്. അന്നു തന്നെ വിദേശത്തുള്ള സുഹൃത്തുക്കളുമായി മുനവ്വറലി തങ്ങൾ ബന്ധപ്പെടുകയും അവർ സഹായം ഉറപ്പുനൽകുകയും ചെയ്തു.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് കുവൈത്തിൽ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകൾക്കും ഈ തുക ആശ്വാസമാകുമെന്നും ഒപ്പം മാലതിക്കും 14 വയസുകാരി മകൾക്കും കുടുംബനാഥനേയും ലഭിക്കുമെന്നും മുനവറലി തങ്ങൾ പറഞ്ഞു.
ജിദ്ദയിലെ സഹ്‌റാൻ ഗ്രൂപ് ഓഫ് കമ്പനീസ്, എൻ.എ ഹാരിസ് ഫൗണ്ടേഷൻ, എ.എം.പി. ഫൗണ്ടേഷൻ മാള, സ്റ്റർലിങ് ഇന്റർ നാഷണൽ കുവൈത്ത്, സാലിം മണി എക്‌സ്‌ചേഞ്ച് യു.എ.ഇ എന്നീ കമ്പനികളാണ് ദിയാധനം കെട്ടിവെക്കുന്നതിനാവശ്യമായ സഹായം നൽകിയത്.
അർജുനനെ വധശിക്ഷയിൽനിന്ന് രക്ഷിക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.