ന്യൂദൽഹി- ഹാദിയ കേസിൽ നിർണായക വാദം കേൾക്കൽ നടപടികൾ സുപ്രീം കോടതിയിൽ തുടങ്ങി. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്. ഹാദിയയിൽനിന്ന് സുപ്രീം കോടതി മൊഴിയെടുക്കുമെന്നതാണ് ഇന്നത്തെ കോടതി നടപടികളെ ശ്രദ്ധേയമാക്കുന്നത്. കേരള ഹൗസിൽ കനത്ത സുരക്ഷയിൽ കഴിയുന്ന ഹാദിയയെ ഇന്ന് 2.45(ഇന്ത്യൻ സമയം)ന് സുപ്രീം കോടതിയിൽ ഹാജരാക്കും. കേരള ഹൌസില്‍നിന്ന് ഹാദിയയെ സുപ്രീം കോടതിയിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ അച്ഛനും അമ്മയും മറ്റൊരു വാഹനത്തില്‍ കോടതിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷെഫിൻ ജഹാൻ കോടതിയിൽ എത്തിയിട്ടുണ്ട്. വിസിറ്റേഴ്‌സ് ഗ്യാലറിയിലെ രണ്ടാം നിരയിലാണ് ഷെഫിൻ ജഹാൻ ഇരിക്കുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അടങ്ങുന്ന ബെഞ്ച് വൈകിട്ട് മൂന്നിനാണ് കേസിൽ വാദം കേൾക്കുക. ഹാദിയയിൽനിന്ന് മൊഴിയെടുക്കുന്നത് അടച്ചിട്ട കോടതി മുറിയിൽ വെച്ചാകണം എന്ന ആവശ്യം അച്ഛൻ അശോകൻ വീണ്ടും ഉയർത്തും. ഈ ആവശ്യത്തെ എൻ.ഐ.എയും പിന്തുണക്കും.
അതേസമയം, ഹാദിയയുടെ സംരക്ഷണം ഇനിയും അശോകൻ ആവശ്യപ്പെടില്ല എന്നും ശ്രുതിയുണ്ട്. നിഷ്പക്ഷരായ ഒരു മൂന്നാം കക്ഷിയുടെ അടുത്തേക്ക് ഹാദിയയെ അയക്കണമെന്ന നിർദ്ദേശവും അശോകൻ ഉയർത്താനിടയുണ്ട്. ഒന്നാം നമ്പർ കോടതി മുറി നിറഞ്ഞുകവിഞ്ഞിട്ടുണ്ട്്. സുപ്രീം കോടതിയിലെ മിക്കവാറും അഭിഭാഷകർ കോടതി മുറിയിലുണ്ട്. ഹേബിയസ് കോർപ്പസ് ഹർജിയിൽ വിവാഹം റദ്ദാക്കാൻ കഴിയുമോയെന്ന നിയമപരമായ ചോദ്യത്തിന് ഉത്തരം കാണാനാകും സുപ്രീംകോടതി ശ്രമിക്കുക. അതിന് മുമ്പായി, മതംമാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ഹാദിയയോട് കോടതി ചോദിച്ചറിയും. ഇതിനിടെ, സംഭവം അന്വേഷിക്കുന്ന എൻഐഎയുടെ റിപ്പോർട്ടുകളും സുപ്രീംകോടതി പരിശോധിക്കും. എൻഐഎയുടേയും അശോകന്റേയും ഭാഗം കേട്ടശേഷമേ ഹാദിയ കേസിൽ തീരുമാനമെടുക്കൂവെന്ന് ചീഫ് ജസ്റ്റീസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മതപരിവർത്തനം ഉൾപ്പടെയുള്ള വിഷയങ്ങളും മറ്റും അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ആ നിലയ്ക്ക് ഹാദിയയുടെ വിവാഹത്തിനുള്ള സമ്മതം പരിണിക്കരുതെന്നാണ് എൻ.ഐ.എ നിലപാട്. സുപ്രീംകോടതിയിൽ എൻ.ഐ.എ മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയാണെന്നാണു സൂചന. നാലു ഭാഗങ്ങളുള്ള റിപ്പോർട്ടാണ് എൻ.ഐ.എ സമർപ്പിച്ചത്. ഇതിൽ ഹാദിയയുടേയും ബന്ധുക്കളുടേയും മൊഴിയും ഉൾപ്പെടും. കൂടാതെ ഷെഫിൻ ജഹാൻ, സത്യസരണി ഭാരവാഹികൾ തുടങ്ങിയവരുടെ മൊഴിയുമുണ്ടാകും. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എൻഐഎക്കു നൽകിയ മൊഴിയിലും മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.