ന്യൂദല്‍ഹി- ചെക്ക് ഇന്‍ ലഗേജ് ഇല്ലാതെ കാബിന്‍ ലഗേജ് മാത്രം കൈവശം വെച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ നിര്‍ദേശം. ആഭ്യന്തര വിമാന യാത്രക്കാര്‍ക്കാണ് പുതിയ ഇളവ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് ആഭ്യന്തര വിമാന യാത്രകളില്‍ ഏഴു കിലോ കാബിന്‍ ലഗേജ് ആയും പതിനഞ്ചു കിലോ ചെക്ക് ഇന്‍ ലഗേജ് ആയും ഒരു യാത്രക്കാരന് കൊണ്ടുപോകാം. അധിക ഭാരത്തിന് കൂടുതല്‍ തുക ഈടാക്കും. ബാഗേജ് ഇല്ലാതെയോ കാബിന്‍ ബാഗേജ് മാത്രവുമായോ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുക കുറച്ച് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് കൈവശമുള്ള ബാഗേജിന്റെ ഭാരം വ്യക്തമാക്കുന്നതോടെയാണ് പുതിയ നിര്‍ദേശ പ്രകാരമുള്ള ഇളവ് ലഭിക്കുക.
ഡിജിസിഎയുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ വിമാന കമ്പനികള്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിക്കേണ്ടി വരും. ബാഗേജ് ഉപയോഗിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക നിരക്ക് കമ്പനികള്‍ നിശ്ചയിക്കും. മുന്‍ഗണനാ സീറ്റ്, വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യല്‍ തുടങ്ങിയ മറ്റു സര്‍വീസുകള്‍ക്കുള്ള നിരക്ക് നിശ്ചയിക്കാനും വിമാന കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി നല്‍കി.