റിയാദ്- അൽ ഹസയിൽ അനുമതിയില്ലാതെ പൊതുപരിപാടി നടത്തിയതിന് നാലു മലയാളികൾ അറസ്റ്റിൽ. രിസാല സ്റ്റഡി സർക്കിളിന്റെ പേരിൽ സൗദി ഈസ്റ്റ് സാഹിത്യോത്സവം സംഘടിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. അൽ ഹസയിലെ മുബാറസ് പോലീസിന്റെ പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളി, ശനി(നവംബർ 24, 25) തിയ്യതികളിലാണ് സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിന്റെ തലേദിവസമാണ് സംഘാടകരെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരെ ഇതേവരെ വിട്ടയച്ചിട്ടില്ല. രണ്ടു കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടിയിൽ സൗദിയിലെ ഇരുപത് സെൻട്രലുകളിൽനിന്ന് 1500 പ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സംഘാടകരെ അറസ്റ്റ് ചെയ്തതോടെ ഈ പരിപാടി മാറ്റിവെക്കുകയായിരുന്നു.