ലണ്ടൻ- ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി രാജ്യം വിട്ട നീരവ് മോഡിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ കോടതി അംഗീകരിച്ചു. ഇന്ത്യ നൽകിയ ജയിൽ ദൃശ്യങ്ങൾ തൃപ്തികരമാണെന്ന് കണ്ടെത്തിയ ശേഷമാണ് വെസ്റ്റ് മിനിസ്റ്റർ കോടതിയുടെ ഉത്തരവ്.
കേസിൽ തെളിവ് നശിപ്പിക്കാൻ നീരവ് മോഡി ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തി. നാടുകടത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന മോഡിയുടെ വാദം തള്ളിയ കോടതി പ്രതിക്ക് ഇന്ത്യയിൽ നീതി ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന നീരവ് മോഡിയുടെ വാദവും കോടതി അംഗീകരിച്ചില്ല.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോഡിക്കെതിരായ കേസ്. നീരവ് മോഡിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് 14,000 കോടി രൂപയുടെ വായ്പ തട്ടിയെന്നാണ് സിബിഐ ബ്രിട്ടീഷ് കോടതിയിൽ നല്കിയ അപേക്ഷയിൽ പറഞ്ഞിരുന്നത്.