ന്യൂദല്‍ഹി- പൊതുമേഖലാ സ്ഥാപനങ്ങൾ അന്താരാഷ്ട്ര പങ്കാളിത്തമുള്ള വെബിനാറുകൾ സംഘടിപ്പിക്കുമ്പോൾ സർക്കാരിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. വിദേശകാര്യമന്ത്രാലയമാണ് നവംബർ 25ന് പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തെ പ്രമുഖ ശാസ്ത്രസ്ഥാപനങ്ങളും, ശാസ്ത്രജ്ഞരും ഈ ഉത്തരവിന്റെ അപകടം ചൂണ്ടിക്കാട്ടി രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ ശാസ്ത്രവളർച്ചയ്ക്ക് വിഘാതമാകുന്ന ഉത്തരവാണിതെന്ന് അവർ വ്യക്തമാക്കുകയുണ്ടായി. വെബിനാർ സംഘടിപ്പിക്കുമ്പോൾ അതിൽ പ്രഭാഷകരായി എത്തുന്നവരെല്ലാം ഇന്ത്യാക്കാരാണെങ്കിൽപ്പോലും കേൾവിക്കാരായും ചോദ്യമുന്നയിക്കുന്നവരായും വിദേശ പൌരന്മാരുമുണ്ടായെന്നിരിക്കും. ഇവയ്ക്കെല്ലാം രാഷ്ട്രീയ അനുമതി കാത്തു നിൽക്കേണ്ടി വന്നാൽ ഇത്തരം പരിപാടികൾ നടക്കാതെ വരുന്നതാകും ഫലമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
പൊതുപ്പണം ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവ്വകലാശാലകളും അതത് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയിൽ നിന്നും അനുമതി വാങ്ങിയിട്ട് വേണം ഓൺലൈൻ അന്താരാഷ്ട്ര കോൺഫറൻസുകളും സെമിനാറുകളും ട്രെയിനിങ്ങുകളും മറ്റും നടത്താനെന്നായിരുന്നു ആവശ്യം. ദി ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്, നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ എന്നീ സ്ഥാപനങ്ങൾ ഈ പുതിയ ചട്ടത്തെ എതിർത്ത് രംഗത്തെത്തി. ഇവർക്കൊപ്പം രാജ്യത്തെ 2500ഓളം പ്രമുഖരായ ശാസ്ത്രജ്ഞരും ഇതേ ആവശ്യം ഔദ്യോഗികമായി രേഖപ്പെടുത്തി. ഈ ചട്ടം എല്ലാ ശാസ്ത്ര ചർച്ചകളെയും പ്രതിസന്ധിയിലാക്കുക മാത്രമല്ല, യുവാക്കളിൽ ശാസ്ത്രാഭിമുഖ്യം ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷ, അതിർത്തി വിഷയങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇത്തരം വെബിനാറുകളിൽ ചർച്ചയാകരുതെന്ന നിർബന്ധമാണ് സർക്കാരിന്റെ ഉത്തരവിനു പിന്നിലുണ്ടായിരുന്നത്.
രാജ്യത്തിന്റെ സുരക്ഷ പ്രധാനമാണെങ്കിലും ഇത്തരത്തിലുള്ള ആവശ്യങ്ങളിൽ ശാസ്ത്രമേഖലയെ ഒഴിവാക്കാവുന്നതാണെന്ന് ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ പ്രസിഡണ്ട് പാർത്ഥ മജുംദാർ തങ്ങളുടെ കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, സർക്കാർ ഫണ്ടിങ്ങുള്ള സ്ഥാപനങ്ങളെയാണ് ഇത് ബാധിക്കുന്നത് എന്നതിനാൽ പൊതുമേഖലയിൽ ശാസ്ത്രവളർച്ചയ്ക്ക് വിഘാതമാകുന്ന ഒന്നായി പുതിയ ഉത്തരവ് മാറുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.