മുംബൈ- പാക്കിസ്ഥാനെതിരായ രോഷ പ്രകടനത്തോടെ മുംബൈ മഹാനഗരം 2008 ല്‍ 168 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അനുസ്മരിച്ചു.
കൂട്ടക്കൊലയുമായുള്ള ഭീകരനെ പാക്കിസ്ഥാന്‍ വിട്ടയച്ചത് സ്വീകാര്യമല്ലെന്നും തങ്ങള്‍ രോഷാകുലരാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു.
വീട്ടുതടങ്കലില്‍നിന്ന് ഹാഫിസ് സഈദിനെ ഒരിക്കലും വിട്ടയക്കാന്‍ പാടില്ലായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സ്വാതി അജയ് ഗവാണ്ടെ പറഞ്ഞു. തനിക്കും കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും ഈ വര്‍ത്ത സങ്കടമാണ് സമ്മാനിച്ചത് -അവര്‍ പറഞ്ഞു.
2008 നവംബര്‍ 26 ന് മുംബൈയില്‍ പത്ത് തോക്കുധാരികള്‍ ഹോട്ടലുകളിലും റെയില്‍വേ സ്‌റ്റേഷനിലും ജൂത കേന്ദ്രത്തിലും ഒരേ സമയം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ സ്വാതിയുടെ ഭര്‍ത്താവ് അജയ് ഗവാണ്ടെയുമുണ്ടായിരുന്നു.
ആക്രമണത്തിന്റെ ഒമ്പതാം വര്‍ഷികത്തില്‍ മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പുഷ്പചക്രം അര്‍പ്പിക്കുകയും മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു.
ഹാഫിസ് സഈദാണ് കൂട്ടക്കൊലയുടെ ഉത്തരവാദിയെന്ന് ഭീകരാക്രമണം നടന്ന റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളില്‍വെച്ച് ചുമലിനു വെടിയേറ്റ ശ്യാം ബിഹാരി പറഞ്ഞു.
കൂടുതല്‍ നിരപരാധികള്‍ കൊല്ലപ്പെടാതിരിക്കാന്‍ ഇയാളെ ജീവിതകാലം മുഴുവന്‍ തടങ്കലിലാക്കണം. ഇയാളെ മോചിപ്പിച്ച വാര്‍ത്ത തന്നെ തളര്‍ത്തിയെന്നും ഒന്നും ചെയ്യാന്‍ തോന്നുന്നില്ലെന്നും ശ്യാംബിഹാരി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരരെന്നു കരുതുന്ന ഹാഫിസ് സഈദിനെ വിട്ടയച്ച പാക്കിസ്ഥാന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയും അമേരിക്കയും രംഗത്തുണ്ട്.
ഹാഫിസ് സഈദിനെ വീണ്ടും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സഈദിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനോ വിചാരണ ചെയ്യാനോ പാക്കിസ്ഥാന് സാധിച്ചില്ല. ഇത് അന്താരാഷ്ട്ര ഭീകരതക്കെതിരായ പാക്കിസ്ഥാന്റെ പ്രതിബദ്ധത ചോദ്യം ചെയ്യുന്നതാണ് -വൈറ്റ് ഹൗസ് വക്താവ് സാറ ഹുക്കാബി സാന്‍ഡേര്‍സ് പറഞ്ഞു. തങ്ങളുടെ മണ്ണില്‍ ഭീകരര്‍ക്ക് താവളം നല്‍കില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിരിക്കയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ നടപടി വൈകിയാല്‍ അതു അമേരിക്കയുമായുള്ള ബന്ധം ഉലയ്ക്കുമെന്നും പാക്കിസ്ഥാന്റെ അന്താരാഷ്ട പ്രതിഛായ തകരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുടെ മുറിവില്‍ ഉപ്പുതേക്കുന്നതിനു തുല്യമാണ് പാക്കിസ്ഥാന്‍ ഹാഫിസ് സഈദിനെ മോചിപ്പിച്ച നടപടിയെന്ന് അഖിലേന്ത്യാ ഭീകര വിരുദ്ധ സംഘടനയുടെ അധ്യക്ഷന്‍ മനീന്ദര്‍ജീത് സിംഗ് ബിട്ട ആരോപിച്ചു. പ്രശ്‌നം ഇന്ത്യ യു.എന്നില്‍ ഉന്നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.