തിരുവനന്തപുരം- കേരള അഡ്മിനിട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) മൂന്ന് സ്ട്രീമുകളിലെയും ചുരുക്കപ്പെട്ടിക മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും. ഓരോ സ്ട്രീമിലും 35 ഒഴിവുകള്‍ വീതം മൂന്ന് സ്ട്രീമുകളിലായി 105 ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്.എസ്.എല്‍.സി പൊതുപ്രാഥമിക പരീക്ഷയുടെ നാലുഘട്ടങ്ങളിലുമുള്ള മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കില്ല. പ്രാഥമിക പരീക്ഷക്ക് ശേഷം ഓരോ തസ്തികക്കും പ്രത്യേകം കട്ട്-ഓഫ് മാര്‍ക്ക് വരുന്നവിധത്തിലാണ് രണ്ടാമത്തെ പരീക്ഷക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. രണ്ടാമത്തെ പരീക്ഷയുടെ മാര്‍ക്കാണ് റാങ്കിന് കണക്കാക്കുന്നത്.
ബിരുദതല പരീക്ഷകള്‍ക്ക് ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ചോദ്യങ്ങള്‍ നല്‍കും. മെയ് 22 ന് നടത്തുന്ന ബിരുദതല പ്രാഥമിക പൊതുപരീക്ഷ മുതല്‍ ഇത് നടപ്പാക്കുമെന്ന് ചെയര്മാന് എം.കെ. സക്കീര്‍ അറിയിച്ചു.
കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിനെ പിന്നീടൊരു സമയത്ത് ഒരിക്കലും കണ്ടെത്തി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നും പി.എസ്.സി ചെയര്മാന് പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ കാര്യത്തിലും ഇത് തന്നെയാണ് പി.എസ്.സിയുടെ നിലപാട്. ഡിസംബര്‍ 31 വരെയുള്ള ഒഴിവുകള്‍ കണക്കാക്കിയാണ് ഇത്തവണത്തെ സിവില്‍ പോലീസ് ഓഫീസര്‍ നിയമന ശുപാര്‍ശ അയച്ചത്. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍നിന്ന് 1200 ട്രെയിനി തസ്തികകളില്‍കൂടി നിയമന ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ട്രെയിനിംഗ് തസ്തികകള്‍ ബറ്റാലിയന് തിരിച്ച് വിഭജിച്ച് ഉത്തരവുകള്‍ നല്‍കിയിട്ടില്ലെന്ന് പോലീസ് ആസ്ഥാനത്തുനിന്നു ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച വിവരാവകാശ നിയമത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നിയമന ശുപാര്‍ശകള്‍ നല്‍കിയതിന്റെ രേഖകള്‍ പി.എസ്.സിയിലുണ്ടെന്നും ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.