റിയാദ്-കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്ന സർക്കാർ നിലപാടുകൾ ഏറെ ദുഃഖകരവും നീതീകരിക്കാനാവത്തതുമാണെന്നും സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ വിവിധ തരത്തിലുള്ള കോവിഡ് ടെസ്റ്റുകൾക് വിധേയമാകുന്ന പ്രവാസികൾ ഇന്ത്യൻ പൗരന്മാർ തന്നെയാണെന്നും എന്നാൽ, നാട്ടിൽ ഇല്ലാത്ത പ്രോട്ടോകോൾ പ്രാബല്യത്തിൽ വരുത്തി സർക്കാർ നടത്തുന്ന ചൂഷണം അംഗീകരിക്കാൻ ആകില്ലെന്നും നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഗൾഫ് പ്രവാസികളെ രണ്ടാം തരം പൗരന്മാരായി കണക്കാണുന്നതിന് സമാനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ 72 മണിക്കൂറിനകം ചെയ്ത ടെസ്റ്റ് റിപ്പോർട്ടുകൾ എയർ സുവിധ പോർട്ടൽ വഴി അപ്ലോഡ് ചെയ്യണമെന്നും മാത്രമല്ല, ഇതിന്റെ കോപ്പിയും കയ്യിൽ കരുതണമെന്നും എന്നാൽ മാത്രമേ യാത്രക്ക് അനുമതി നല്കുകയുള്ളുവെന്നും നാട്ടിലെ വിമാനത്താവളങ്ങളിലെത്തിയാൽ 1800 ഓളം രൂപ മുടക്കി വീണ്ടും ടെസ്റ്റ് ചെയ്യണമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ നിബന്ധനകൾ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നുവെ ന്നതിന് തെളിവാണ് ആദ്യ ദിനത്തിൽ തന്നെ വിമാനത്താവളങ്ങളിൽ ഉയർന്ന പ്രതിഷേധം.
ഇപ്പോൾ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും ജോലി നഷ്ടപെട്ടും യാത്രാവിലക്ക് മൂലം ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് എത്താൻ സാധിക്കാത്തവരുമാണ്. ശൂന്യമായ കൈകളുമായി എത്തുന്ന ഇത്തരം പ്രവാസികളെയും കുടുംബങ്ങളെയുമാണ് മണിക്കൂറുകൾക്കകം രണ്ട് പി സി ആർ ടെസ്റ്റുകൾക്ക് വിധേയരാക്കി ക്രൂരത കാണിക്കുന്നത്. യാത്ര ചെയ്യാനുള്ള ടിക്കറ്റിനു പോലും അന്യരെ ആശ്രയിക്കേണ്ട ഗതികേടിലാണ് പല പ്രവാസികളും. പ്രവാസി കുടുംബങ്ങളുടെ പ്രയാസങ്ങൾ സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. പ്രവാസികൾക്ക് മാന്യമായ പരിഗണന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
പ്രവാസികൾക്ക് കടുത്ത അവഗണന ഉണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതികരിക്കാത്തത് ലജ്ജാകരമാണ്. പ്രവാസികളുടെ പ്രശ്നങ്ങൾക്കെതിരെ ശബ്ദിക്കാൻ പ്രവാസികൾ അല്ലാതെ ആരും തന്നെ ഇല്ലെന്ന അവസ്ഥയാണ്. ഇന്ത്യക്ക് പുറത്ത് ആയത് കൊണ്ട് പ്രത്യക്ഷ സമര പരിപാടികൾ നടത്തുന്നതിൽ പ്രവാസികൾക്ക് പരിമിതികളുണ്ട്. ഇത് മുതലെടുത്താണ് പ്രവാസികൾക്കെതിരെ ഇത്തരത്തിൽ അംഗീകരിക്കാൻ സാധിക്കാത്ത ഓരോ നടപടികളുമായി സർക്കാരുകൾ രംഗത്തെത്തുന്നത്. ഇതിനെതിരെ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും വിവേചനത്തിനെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും സമസ്ത ഇസ്ലാമിക് സെന്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.