ന്യൂദല്‍ഹി-കേരളം, വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവാദമാക്കി ബിജെപി. ഇന്ത്യയെ വെട്ടിമുറിച്ച് വടക്കേ, തെക്കേ ഇന്ത്യകളെന്ന് വേര്‍തിരിക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇന്ത്യയെ വെട്ടിമുറിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. വടക്കേ ഇന്ത്യക്കാരെ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും രാഹുല്‍ വര്‍ഗീയ വിഷം ചീറ്റുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയുമടക്കം പ്രതികരിച്ചു. അമേഠിയിലെ എംപിയായിരുന്നു രാഹുല്‍ ഗാന്ധിക്ക് വടക്കേ ഇന്ത്യയിലെ ജനങ്ങളോട് നന്ദിവേണമെന്ന് സ്മൃതി ഇറാനിയും പ്രതികരിച്ചു. കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതാണ് ബിജെപി ദേശീയ തലത്തില്‍ ആയുധമാക്കുന്നത്. വടക്കേ ഇന്ത്യയുടേയും തെക്കേ ഇന്ത്യയുടേയും രാഷ്ട്രീയത്തെ താരതമ്യം ചെയ്ത് രാഹുല്‍ സംസാരിച്ചത് വടക്കെ ഇന്ത്യയെ അപമാനിക്കലാണെന്നാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. ഉത്തര്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു തിരിച്ച് വരവിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് രാഹുലിന്റെ പ്രസ്താവന വിവാദമാക്കി പ്രചാരണം നടത്താനുള്ള ബിജെപി ശ്രമം.