ന്യൂയോര്‍ക്ക്- തന്നെ വംശീയമായി അധിക്ഷേപിച്ച സുഹൃത്തിന്റെ മൂക്കിടിച്ച് പരത്തിയ ഓർമ പങ്കുവെച്ച് യുഎസ്സിന്റെ മുൻ പ്രസിഡണ്ട് ബാരക് ഒബാമ. ബ്രൂസ് സ്പ്രിങ്സ്റ്റീനിന്റെ സ്പോർടിഫൈ പോഡ്കാസ്റ്റായ റെനെഗേഡ്സിൽ സംസാരിക്കുമ്പോഴാണ് ഒബാമ തന്റെ ഈ അനുഭവം പങ്കുവെച്ചത്.
"നോക്കൂ, ഞാൻ സ്കൂളിലായിരുന്നപ്പോൾ എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ബാസ്കറ്റ് ബോൾ കളിക്കുമായിരുന്നു. ഒരിക്കൽ അവനെന്നെ വംശീയാധിക്ഷേപം നിറഞ്ഞ ഒരു വാക്ക് വിളിച്ചു. ഞാനവന്റെ മൂക്കിനിട്ട് ഇടിച്ചു"
എന്താണ് ആ വാക്കിന്റെ ശരിയായ അർത്ഥമെന്ന് തനിക്ക് അറിയുമായിരുന്നില്ലെങ്കിലും അത് തന്നെ പരിഹസിക്കാനുള്ള ഒന്നാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ സംഭവം ഇതാദ്യമായാണ് ഒബാമ പരസ്യമായി പറയുന്നത്.
വംശീയാധിക്ഷേപങ്ങളുടെ ഉദ്ദേശ്യം ഒരാൾക്ക് മറ്റൊരാളുടെ പദവിക്കു മേൽ തന്റെ പദവിയെ സ്ഥാപിക്കുക എന്നതാണെന്ന് ഒബാമ ചൂണ്ടിക്കാട്ടി. "ഞാൻ ദരിദ്രനായിരിക്കാം. ഞാൻ അജ്ഞനായിരിക്കാം. ഞാൻ പ്രാകൃതനായിരിക്കാം. ഞാൻ വികൃതരൂപിയായിരിക്കാം. ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടുന്നില്ലായിരിക്കാം. ഞാൻ അസന്തുഷ്ടനായിരിക്കാം. പക്ഷെ, ഞാൻ ആരല്ലെന്ന് നിങ്ങൾക്കറിയാമോ?" സ്പ്രിങ്റ്റീനിനോട് ചോദ്യമുന്നയിച്ച് ഒബാമതന്നെ ഉത്തരം പറഞ്ഞു: "ഞാൻ നിങ്ങളല്ല!"
അമേരിക്ക വംശീയതിൽ നിന്ന് 'ഭേദപ്പെട്ടിട്ടില്ലെന്ന്' ചൂണ്ടിക്കാണിക്കാൻ നിരന്തരമായി ശ്രമിക്കുന്നയാളാണ് ബാരക് ഒബാമ. 2015ൽ മറ്റൊരു ഇന്റർവ്യൂവിൽ ഇപ്പോഴും ഉപയോഗത്തിലുള്ള ഒരു വംശീയാധിക്ഷേപ പദം അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. N എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കിനെക്കുറിച്ചായിരുന്നു പരാമർശം.