കൊല്ലം- മൽസ്യത്തൊഴിലാളികൾക്കൊപ്പം കൊല്ലം വാടി കടപ്പുറത്ത് നിന്ന് കടലിലേക്ക് പോയ രാഹുൽ ഗാന്ധി മത്സ്യതൊഴിലാളികൾക്കൊപ്പം ചെലവിട്ടത് രണ്ടര മണിക്കൂർ. തൊഴിലാളികൾക്കൊപ്പം കടലിലേക്ക് ചാടിയ രാഹുൽ വല വലിച്ച് കയറ്റാൻ ഒപ്പം കൂടി. വല വലിച്ച് ബോട്ടിലേക്ക് കയറ്റുമ്പോൾ മൽസ്യങ്ങൾ ചാടി പോകാനുള്ള സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ തൊഴിലാളികൾ ചിലർ കടലിൽ ചാടി വല ഒതുക്കാറുണ്ട്. ഈ അവസരത്തിൽ രാഹുലും അവർക്കൊപ്പം കടലിൽ ചാടുകയായിരുന്നു.
'ഞങ്ങൾ ഇന്ന് കടലിൽ പോയി വല വിരിച്ചു. ഞാൻ കരുതിയത് ഒരുപാട് മൽസ്യങ്ങൾ ലഭിക്കുമെന്നാണ്. പക്ഷേ വല വലിച്ചപ്പോൾ അതിൽ വളരെ കുറച്ച് മൽസ്യമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ നേരിടുന്ന പ്രശ്നം ഞാൻ നേരിട്ട് മനസിലാക്കി. ഞാൻ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാൽ നിങ്ങൾ എന്നും ഇത് അനുഭവിക്കുന്നു. വള്ളത്തിൽ വച്ച് തൊഴിലാളി സുഹൃത്തുക്കൾ എനിക്ക് മീൻ പാചകം ചെയ്ത് തന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവമെന്നും രാഹുൽ വ്യക്തമാക്കി.