അൽജൗഫ്- സൗദിയിലെ വടക്കൻ മേഖല സന്ദർശനത്തിനെത്തിയ ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദുമായി ഐ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി നേതാക്കൾ കൂടിക്കാഴ്ച നടത്തി. അൽ ഖുറയാത്തിൽ ഐ.എം.സി.സി ദേശീയ സെക്രട്ടറി യൂനുസ് മൂന്നിയൂരും അൽജൗഫിൽ ദേശീയ എക്‌സിക്യൂട്ടീവ് അംഗം അബ്ദുൽ കലാം ആലുങ്ങലും അംബാസഡറെ സന്ദർശിച്ചു. കോൺസുലർ (കമ്മ്യൂണിറ്റി വെൽഫെയർ) അനിൽ നോട്ടിയാലുമായും നേതാക്കൾ ആശയവിനിമയം നടത്തി. ഗൾഫിലെ നിലവിലെ സാഹചര്യങ്ങളിൽ പ്രവാസി സമൂഹം തൊഴിൽ, വ്യാപാര മേഖലകളിൽ നേരിടുന്ന പ്രയാസങ്ങളും ആശങ്കകളും നേതാക്കൾ അംബാസഡറെ ധരിപ്പിച്ചു.
അൽഖുറയാത്ത് ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിലെ ഇന്ത്യക്കാർ പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള എംബസി സേവനങ്ങൾ ലഭ്യമാകാൻ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് അംബാസഡർ ഉറപ്പു നൽകി. സൗദിയിൽ ചുമതലയേറ്റെടുത്ത ഉടൻ തന്നെ വിദൂര പ്രദേശങ്ങളും പ്രവിശ്യകളുമടക്കമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്താനും ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ അറിയാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾക്ക് തുടക്കം കുറിച്ച അംബാസഡർ അഹ്മദ് ജാവേദിനെയും പൊതുമാപ്പ് കാലയളവിൽ അടക്കം ഇന്ത്യക്കാർക്കായി സ്തുത്യർഹ സേവനങ്ങൾ നടത്തിയ കോൺസൽ അനിൽ നോട്ടിയാൽ ഉൾപ്പെടെയുള്ള എംബസി ഉദ്യോഗസ്ഥരെയും വിവിധ മേഖലകളിലെ എംബസി വളണ്ടിയർമാരെയും ഐ.എം.സി.സി സൗദി കമ്മിറ്റി അഭിനന്ദിച്ചു.