സികാർ - മുന്ന് കാർഷികനിയമങ്ങളും പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്. 40 ലക്ഷം ട്രാക്ടറുകളായിരിക്കും തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. 'പാർലമെന്റ് ഘരാവോ' എന്ന വാക്കാണ് ടികായത് പ്രയോഗിച്ചത്.
കർഷകർ ഈ മാർച്ചിനു വേണ്ടി സജ്ജരായിരിക്കണമെന്ന് രാകേഷ് ടികായത് ആവശ്യപ്പെട്ടു. യുനൈറ്റഡ് കിസാൻ മോർച്ചയുടെ കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇത്തവണ പാർലമെന്റ് ഘരാവോ ചെയ്യുന്നതായിരിക്കും നീക്കം. ഞങ്ങൾ അത് പ്രഖ്യാപിക്കുകയും ദൽഹിയിലേക്ക് നീങ്ങുകയും ചെയ്യും. നിലവിൽ 4 ലക്ഷം ട്രാക്ടറുകളാണ് ഇറങ്ങിയിട്ടുള്ളത്. ഇത് 40 ലക്ഷം ട്രാക്ടറുകളായി ഉയരും," അദ്ദേഹം പ്രഖ്യാപിച്ചു.
ഏത് സമയത്തും സമരാഹ്വാനമുണ്ടാകുമെന്ന് ടികായത് കർഷകരോട് പറഞ്ഞു. റാലിക്കായി സജ്ജരായിരിക്കണം. കർഷകരുടെ സംയുക്ത സഖ്യമായിരിക്കും റാലിയുടെ തിയ്യതി നിശ്ചയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാഗേറ്റിനു സമീപം നിലമുഴുത് അവിടെ വിത നടത്തുമെന്നും രാകേഷ് ടികായത് പറഞ്ഞു.
ജനുവരി 26ന് നടന്ന ട്രാക്ടർ പരേഡിനെ പരാജയപ്പെടുത്താൻ തങ്ങളുടെ പ്രതിച്ഛായയെ ലക്ഷ്യം വെക്കാൻ ശ്രമം നടന്നതായി ടികായത് ആരോപിച്ചു. "ഞങ്ങൾ കർഷകർ ത്രിവർണപതാകയെ ഇഷ്ടപ്പെടുന്നു, പക്ഷെ ഈ നാട് ഭരിക്കുന്നവർ അതിനെ ഇഷ്ടപ്പെടുന്നില്ല," അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് കർഷക സംഘടനകളുടെ തീരുമാനം. ചൊവ്വാഴ്ച കർഷകർ പഗാദി സംഭാഷ ദിവസ് ആചരിച്ചിരുന്നു. സംയുക്ത് കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം ഇന്ന് ദമൻ വിരോധി ദിവസ് ആചരിക്കുകയാണ് കർഷകർ.