റിയാദ് - 72 മണിക്കൂറിനകം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്ന പ്രവാസികളെ എയർപോർട്ടിൽ നിന്ന് 1800 രൂപ വാങ്ങി വീണ്ടും ടെസ്റ്റ് നടത്തുന്നത് അന്യായമാണെന്ന് ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഈ പകൽ കൊള്ളക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണം. പ്രവാസികളെ ഏതെല്ലാം തരത്തിൽ ബുദ്ധിമുട്ടിക്കാൻ പറ്റുമോ ആ രീതിയിൽ എല്ലാം അധികൃതർ ബുദ്ധിമുട്ടിക്കുകയാണ്. നാട്ടിൽ കോവിഡ് 19 ന്റെ യാതൊരു മാനദണ്ഡളും പാലിക്കാതെ ആളുകൾ ഒത്തുകൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എന്നാൽ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സെർട്ടിഫിക്കറ്റുമായി വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളുടെ അടുത്തുനിന്ന് വീണ്ടും ടെസ്റ്റ് ഫീ വാങ്ങി ടെസ്റ്റ് നടത്തുന്നതിന്റെ ആവശ്യകത ചോദ്യം ചെയ്യേണ്ടത് തന്നെയാണെന്ന് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. താരതമ്യേന കോവിഡ് കേസുകൾ കുറഞ്ഞ രാജ്യങ്ങളാണ് ഗൾഫ് മേഖലയിലുള്ളത്. ഇതിനെതിരെ സർക്കാർ ഉടനടി നടപടികളെടുക്കണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.