Sorry, you need to enable JavaScript to visit this website.

പെട്രോള്‍ വില 50 രൂപയാക്കാം, ഒരേയൊരു മാര്‍ഗം ഇതാണ്

ന്യൂദല്‍ഹി- പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധയില്‍ ഉള്‍പ്പടുത്താനായി ജി.എസ്.ടി കൗണ്‍സിലിനോട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെടുന്നെങ്കിലും തീരുമാനമെടുക്കേണ്ടത് കൗണ്‍സിലാണെന്നു മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നും ഇത് മെല്ലെ കുറമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ തയാറാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഗൗരവമായ ചര്‍ച്ചകളിലൂടെയേ ഇതു സാദ്ധ്യമാകൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
പെട്രോളിന് 32.90 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി. സംസ്ഥാന വില്‍പന നികുതി പെട്രോളിന് 20.66 രൂപ; ഡീസലിന് 15.95 രൂപ. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും ചരക്കുകൂലിയും പെട്രോളിന് 3.68 രൂപയും ഡീസലിന് 2.51 രൂപയും ഡീലര്‍ കമ്മിഷനുമുണ്ട്. ജി.എസ്.ടി വന്നാല്‍, ഏറ്റവും ഉയര്‍ന്ന സ്‌ലാബായ 28 ശതമാനം ഏര്‍പ്പെടുത്തിയാലും വില കുത്തനെ കുറയും.
ഫെബ്രുവരി 16ന് പെട്രോള്‍ അടിസ്ഥാന വില ലിറ്ററിന് 31.82 രൂപയായിരുന്നു. കേന്ദ്ര-സംസ്ഥാന നികുതികളും ചരക്കുകൂലിയും ഡീലര്‍കമ്മിഷനും ചേരുമ്പോള്‍ പമ്പിലെ വില 89.34 രൂപ. ജി.എസ്.ടിയില്‍ 31.82 രൂപക്കൊപ്പം അതിന്റെ 28 ശതമാനമായ 8.90 രൂപയും 28 പൈസ ചരക്കുകൂലിയും 3.68 രൂപ ഡീലര്‍ കമ്മിഷനും മാത്രം. ആകെ 44.68 രൂപ മാത്രം. ഡീസല്‍ വിലയിലും സമാന കുറവുണ്ടാകും.

 

Latest News