ന്യൂദല്‍ഹി- ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്ത ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ദല്‍ഹി സെഷന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പോലീസിനും ദിശാബോധം നല്‍കുമോ.. ദിഷ രവിക്കെതിരെ രാജ്യദ്രോഹമടക്കം ചുമത്തിയത് സൂചിപ്പിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
ഏതൊരു ജനാധിപത്യരാജ്യത്തും പൗരന്‍മാര്‍ സര്‍ക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ്. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്‍മാരെ തടവറകളിലാക്കാന്‍ സാധിക്കില്ല- ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍, വിയോജിപ്പുകള്‍,നിരാകരണങ്ങളുമെല്ലാം ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണ്.
വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്ന പുരാതന ഇന്ത്യന്‍ നാഗരികതയുടെ ധാര്‍മ്മികതയെക്കുറിച്ചും ജഡ്ജി വിധിന്യായത്തില്‍ പരാമര്‍ശിച്ചു.നമ്മുടെ 5000 വര്‍ഷം പഴക്കമുള്ള ഈ നാഗരികത വൈവിധ്യമാര്‍ന്ന ഭാഗങ്ങളില്‍നിന്നുള്ള ആശയങ്ങളോട് ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.
തെറ്റായ പശ്ചാത്തലമുള്ള ഒരാളെ കണ്ടുവെന്നതിന്റെ പേരില്‍മാത്രം എങ്ങനെയാണ് ഒരു വ്യക്തിക്കെതിരേ ദുരുദ്ദേശ്യം ആരോപിക്കുകയെന്നും കോടതി ചോദിച്ചു.