Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് ബി.ജെ.പി

അഹമ്മദാബാദ്- ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം. ബി.ജെ.പിക്ക് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബി.ജെ.പി ഇത്തവണയും തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നൂറെണ്ണത്തില്‍പോലും കോണ്‍ഗ്രസിന് ജയിക്കാനായില്ല.
അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബി.ജെ.പി വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.
സൂറത്തില്‍ കോണ്‍ഗ്രസ് വന്‍തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളില്‍ ജയിച്ച സൂറത്തില്‍ ഇത്തവണ കോണ്‍ഗ്രസിന് ഒന്നും നേടാനായില്ല. അതേസമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകളോടെയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.
ആകെയുള്ള 576 സീറ്റുകളില്‍ ബി.ജെ.പിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളാണ് ലഭിച്ചത്.  20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഇതിനിടെ അഹമ്മദാബാദില്‍ നാല് സീറ്റുകളില്‍  അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് വിജയിക്കാനായി.
2015-ല്‍ ബി.ജെ.പിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.

 

Latest News