ന്യൂദൽഹി- ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായ സൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസിലെ ന്യായാധിപൻ ജസ്റ്റീസ് ബി.എച്ച് ലോയയുടെ മരണം കൊലപാതകം തന്നെയാണെന്ന നിഗമനത്തിലേക്ക് കൂടുതൽ അടുക്കുകയാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും. ലോയയുടെ കുടുബാംഗങ്ങളും നാട്ടുകാരും ഇക്കാര്യം ആണയിടുന്നു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഗേറ്റ്‌ഗോൺ വില്ലേജിലെ പഴയ വീടാണ് ജസ്റ്റീസ് ലോയയുടെ തറവാട്. ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയിലെ മാധ്യമപ്രവർത്തകർ ഇവിടെ എത്തിയെങ്കിലും ലോയയുടെ അച്ഛനും സഹോദരങ്ങളും പൂനെയിൽ ലോയയുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനായി പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ലോയയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പ്രതികരിക്കാനും തയ്യാറായില്ല.
അതേസമയം, ലോയയുടെ പിതൃസഹോദരൻ ശ്രീനിവാസ് ലോയ പറയുന്നത് മരണത്തിൽ ദുരൂഹതയുണ്ട് എന്ന് തന്നെയാണ്. അതിഭയങ്കരമായ സമർദ്ദമാണ് ഈ കേസിന്റെ വിചാരണക്കിടെ ലോയ അനുഭവിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സമർദ്ദം താങ്ങാനാകാതെ രാജിവെക്കാൻ വരെ ലോയ ആലോചിച്ചിരുന്നു. ഈ കേസിൽ വാദം കേൾക്കുന്നതിൽനിന്ന് പിൻവാങ്ങാൻ വരെ അദ്ദേഹം ആലോചിച്ചിരുന്നുവെന്നും ശ്രീനിവാസ് ലോയ പറയുന്നു.
തന്റെ സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റീസ് ലോയ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്നും ലോയയെ കൊന്നതാണെന്നും ആരോപിച്ച് കുടുബം രംഗത്തെത്തി.
കാരവൻ മാസിക ഇത് സംബന്ധിച്ച് വാർത്ത പുറത്തുകൊണ്ടുവന്ന ശേഷം കേസിൽ പോലീസ് അനൗദ്യോഗിക അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരമെന്ന് ശ്രീനിവാസ് ലോയ വ്യക്തമാക്കി.
ലോയയുടെ അമ്മാവൻ പറയുന്നത് ഏകദേശം സമാനമായ കാര്യം തന്നെയാണ്. ഞങ്ങൾക്ക് ഒന്നുമറിയില്ല. പോസ്റ്റുമോർട്ടം പൂർത്തിയായി എന്ന് മാത്രമാണ് ഞങ്ങളോട് പറഞ്ഞത്. മൃതദേഹം ഒരു പെട്ടിയിലാക്കി നാഗ്പൂരിൽനിന്ന് ഇങ്ങോട്ട് അയക്കുകയും ചെയ്തു.
ലോയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒപ്പുവെച്ച ഡോ. പ്രശാന്ത് രാതിയെയും എൻ.ഡി.ടി.വി സംഘം കണ്ടു. ഇദ്ദേഹം ജസ്റ്റീസ് ലോയയുടെ ബന്ധു എന്ന നിലയിലാണ് റിപ്പോർട്ടിൽ ഒപ്പുവെച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു ബന്ധു ലോയക്ക് ഇല്ല. എന്നാൽ തന്റെ അമ്മാവൻ ലോയയുടെ കസിനാണെന്നും അദ്ദേഹം വിളിച്ചതനുസരിച്ചാണ് ആശുപത്രിയിലെത്തിയതെന്നുമാണ് ഡോ. പ്രശാന്ത് പറയുന്നത്. വൈകിട്ട് ആറുമണിയോടെ ആശുപത്രിയിലെത്തിയ താൻ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേർന്നുവെന്നുമാണ് ഇയാളുടെ അവകാശവാദം. മെഡിട്രിന ആശുപത്രിയിൽനിന്ന് റഫർ ചെയ്തതനുസരിച്ചാണ് പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത് എന്നാണ് നാഗ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്.
നാഗ്പൂരിൽനിന്ന് ലത്തൂരിലേക്ക് മൃതദേഹം എത്തിച്ചത് ആരുടെയും അകമ്പടിയില്ലാതെയായിരുന്നു. ആംബുലൻസ് ഡ്രൈവർ മാത്രമാണ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്.
ലോയയുടെ മൃതദേഹം ലാത്തൂരിലേക്ക് കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകിയത് ആർ.എസ്.എസ് പ്രവർത്തകനായ ഈശ്വർ ബഹാതിയായിരുന്നു. എന്നാൽ ഇയാൾ എങ്ങിനെയാണ് ലോയയുടെ മരണം അറിഞ്ഞത് തുടങ്ങിയ കാര്യങ്ങൾ ആർക്കുമറിയില്ലെന്ന് ലോയയുടെ സഹോദരി അനുരാധ പറഞ്ഞു.
അടിമുടി ദുരൂഹത നിറഞ്ഞ ജസ്റ്റീസ് ലോയയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ലോയയുടെ സഹോദരി അനുരാധ ബിയാനി ഇത് സംബന്ധിച്ച് ഉടൻ കോടതിയെ സമീപിക്കും.