അതിരാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്ന വാട്സാപ്പ് പ്രസംഗത്തിന് മറുപടിയുമായി കാസർകോടന്‍ വനിത. സമൂഹ മാധ്യമങ്ങളില്‍ ഉസ്താദിന്‍റെ പ്രസംഗവും മറുപടിയും തരംഗമായിരിക്കയാണ്.
പുലർകാലത്ത് നമ്മുടെ നാട്ടില്‍ നടക്കാനിരിക്കുന്ന സ്ത്രീകള്‍ വർധിച്ചിരിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് ഉസ്താദിന്‍റേത് എന്ന പേരിലുള്ള പ്രസംഗം തുടങ്ങുന്നത്.
കറുത്ത പർദ ധരിച്ച സ്ത്രീകളേയും വളരെ വ്യാപകമായി സുബ് ഹിക്ക് റോഡുകളില്‍ കാണുന്നു. അവർക്ക് എന്നും നിസ്കാരമില്ലാതരിക്കാന്‍ സാധ്യതയില്ല. എന്നാലും ഇറങ്ങാനുള്ള കാരണം പ്രമേഹം, പ്രഷർ, കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ അല്ലെങ്കില്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമം ആയിരിക്കാം .
ആ സമയത്തുള്ള നടത്തം കൊണ്ട് ഉണ്ടാകുന്ന അനർഥങ്ങള്‍ പലതാണ്. ഒന്ന് വീട്ടിലുള്ള പല ജോലിയും നടക്കാതെ കുടുംബ പ്രശ്നങ്ങളുണ്ടാകുന്നു. മറ്റൊന്ന് കറുത്ത പർദയിട്ട് ഇരുട്ടത്ത് ഇറങ്ങുന്നതു മൂലം വാഹനാപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറുന്നു. അതുപോലെ പല സ്ത്രീകളേയും വഴിയില്‍ കാമുകന്മാർ കാത്തുനില്‍ക്കുന്നു. ഇങ്ങനെ പല അനർഥങ്ങളും ഉണ്ടാകുന്നതിനാല്‍ അവരുടെ രക്ഷിതാക്കളായ ഭർത്താക്കന്മാരോ സഹോദരന്മാരോ പിതാക്കന്മാരോ ശ്രദ്ധിക്കണം. അവർക്ക് ഇതിലും വ്യായാമം കിട്ടാനുള്ള മാർഗങ്ങള്‍ പറഞ്ഞു കൊടുക്കണം.
എന്നും വീട്ടിലേക്ക് പൊടി കൊണ്ടുവരാതെ പച്ചരി കൊണ്ടുവന്നു കൊടുക്കുക. ഒരു ഉരളും ഉലക്കയും കൊണ്ടുവന്നാല്‍ അവർ അത് ഇടിക്കും. അതുപോലെ അലക്കുന്ന മെഷിന്‍റെ കണക് ഷന്‍ ഒഴിവാക്കുക. അവർ കൈ കൊണ്ട് സാധാരണ പോലെ അലക്കട്ടെ. അതു പോലെ തന്നെ മിക്സി ഒഴിവാക്കി അമ്മിയും കുട്ടിയും കൊണ്ടുവന്നു കൊടുത്താല്‍ നല്ല ടേസ്റ്റുള്ള ഭക്ഷണം അരച്ച് അവർ ഉണ്ടാക്കും. അതു പോലെ തന്നെ പഴയ കാലത്ത് ഇരുന്ന് കത്തിക്കുന്ന അടുപ്പുകളായിരുന്നു. അപ്പോള്‍ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായ എക്സൈസ് കിട്ടും. നിന്ന് കത്തിക്കുന്ന അടുപ്പുള്ളതു കൊണ്ട് ഇരിക്കാന്‍ പോലും അവസരങ്ങളില്ല. പലമ്മല്‍ ഇരിക്കുന്നതിനു പകരം കസേരയില്‍നിന്നാണ് ഭക്ഷണം കഴിക്കുന്നത്. അങ്ങനെ നമ്മുടെ വീട്ടിലെ സംവിധാനങ്ങളൊന്ന് മാറ്റി കൊടുത്താല്‍ പരുഷന്മാർ ഇക്കാര്യം ശ്രദ്ധിച്ചാല്‍ ഇതിന് അറുതി വരുമെന്ന കാര്യത്തില്‍ സംശയമില്ല. ചില സ്ത്രീകള്‍ യാതൊരു ലജ്ജയുമില്ലാതെ എരുമ നടക്കുന്നതു പോലെയാണ് നടക്കുന്നത്. അതുകൊണ്ട് രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ച് ഇക്കാര്യത്തില്‍ ഉല്‍ബുദ്ധരാകണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് ഉസ്താദിന്‍റേതെന്ന പേരിലുള്ള പ്രസംഗം അവസാനിക്കുന്നത്.
ഉസ്താദേ എന്നു വിളിച്ചുകൊണ്ടാണ് കാസർകോടന്‍ വനിതയുടെ മറുപടി. ഇങ്ങനെ നടക്കുന്നതു കൊണ്ടാണ് അസുഖങ്ങളൊക്കെ ഭേദമായതെന്ന് മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു. പെണ്ണുങ്ങള്‍ ഇപ്പോള്‍ വിമാനം മുതല്‍ ജെ.സി.ബി വരെ ഓടിക്കുന്നു. വാട്സാപ്പ് നോക്കുന്ന തിരക്കിനിടയിലും ഉസ്താദുമാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാന്‍ പെണ്ണുങ്ങള്‍ക്ക് കഴിയുന്നു.
വീടുകളില്‍ ഉസ്താദുമാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ഒഴിവാക്കാനുള്ള പ്രായോഗിക പരിഹാരവും നിർദേശിക്കുന്നു. എല്ലാ പള്ളികളോടും ചേർന്ന് ഉസ്താദുമാർക്കായി ക്വാർട്ടേഴ്സ് പണിയണമെന്നും അവിടെ അവരുടെ കുടുംബങ്ങളെ കൊണ്ടുവന്ന് താമിസിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്നതാണ് പരിഹാര നിർദേശം.