ന്യൂദല്‍ഹി- സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് ദല്‍ഹിയില്‍ എത്തിച്ചിരിക്കുന്ന ഹാദിയക്ക് കേരളാ ഹൗസില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കി ദല്‍ഹി പോലീസ്. ഹാദിയയും കുടുംബവും താമസിക്കുന്ന കേരളാ ഹൗസ് കനത്ത സുരക്ഷാ വലയത്തിലാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം കേരളത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷയുടെ തുടര്‍ച്ചയാണിത്.
മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഹാദിയയെ എയര്‍പോര്‍ട്ടില്‍നിന്ന് കേരള ഹൗസില്‍ എത്തിച്ചത്. രണ്ടു ദിവസത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.
ദല്‍ഹി പോലീസിന്റെ കര്‍ശന നിയന്ത്രണമായതിനാല്‍ കേരള ഹൗസിലെ കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ പലരും നിരാശരായി. നേരത്തെ ബുക്ക് ചെയ്തവരേയും ഭക്ഷണം കഴിക്കാന്‍ കാന്റീനിലേക്ക് കടത്തിവിട്ടില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ നാളെ വൈകിട്ട് മൂന്ന് മണിയോടെയാണ് ഹാദിയയെ ഹജാരാക്കുക. പിതാവ് അശോകന്റേയും എന്‍.ഐ.എയുടേയും എതിര്‍പ്പ് നിരാകരിച്ച് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. പിതാവ് അശോകന്‍ ഇന്ന് അഭിഭാഷകരുമായി ചര്‍ച്ച നടത്തും.