ന്യൂദൽഹി- പതഞ്ജലിയുടെ കോവിഡ് മരുന്നായ കൊറോണില്‍ ശാസ്ത്രീയമായി തെളിഞ്ഞുവെന്ന് അവകാശപ്പെട്ട ചടങ്ങില്‍ ബാബാ രാംദേവിനോടൊപ്പം പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനെതിരേ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍- ഐ.എം.എ.
നേരത്തെ അംഗീകാരം ലഭിക്കാതിരുന്ന കൊറോണിലിന് എല്ലാ വിധ അംഗീകാരവുമായെന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നുമാണ് കേന്ദ്ര മന്ത്രിമാരായ ഹർഷ് വർധന്‍, നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തില്‍ രാംദേവ് പ്രഖ്യാപിച്ചിരുന്നത്.
രാംദേവിന്‍റെ അവകാശവാദത്തേയും മന്ത്രി ചടങ്ങിൽ പങ്കെടുത്തതിനേയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശക്തമായി വിമർശിച്ചു.
അശാസ്ത്രീയമായ ഒരു ഉൽപ്പന്നം രാജ്യത്തിന് മുന്നിൽ ആരോഗ്യമന്ത്രി എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് ഐ.എം.എ ചോദിച്ചു. കൊറോണിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായും ബാബാ രാംദേവ് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇതിനെതിരായി ഡബ്ല്യു.എച്ച്.ഒ ട്വീറ്റ് ചെയ്തിരുന്നു. 'കോവിഡ്-19 ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഒരു പരമ്പരാഗത മരുന്നും അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്' ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ ട്വീറ്റ് ചെയ്തു.
ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിൽപ്പന ആരംഭിച്ച 'രഹസ്യ മരുന്നി' നായി ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനെന്ന നഗ്നമായ നുണ പ്രചരിപ്പിക്കുന്നത് ഞെട്ടിപ്പിക്കുന്നതായി ഐഎംഎ പറഞ്ഞു. ഇതുസംബന്ധിച്ച് മന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും ഐഎംഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.