റിയാദ് - പുരുഷന്മാരെ മാത്രം തേടുന്ന തൊഴില്‍ പരസ്യങ്ങള്‍ നിയമ വിരുദ്ധമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഏതെങ്കിലും പ്രത്യേക ലിംഗത്തില്‍ പെട്ടവരെ മാത്രം തേടുന്ന തൊഴില്‍ പരസ്യങ്ങളെല്ലാം നിയമ വിരുദ്ധമാണ്. ഇത്തരം പരസ്യങ്ങള്‍ തൊഴില്‍ നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച നിയമ ലംഘനമാണ്.
തൊഴിലുകള്‍ സൗദി പൗരന്മാരുടെ അവകാശമാണ്. നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പൂര്‍ണമായ ശേഷമല്ലാതെ രാജ്യത്തെ തൊഴിലുകളില്‍ വിദേശികളെ നിയമിക്കാന്‍ പാടില്ല. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ ഇല്ലാതെ, തൊഴില്‍ അവകാശത്തില്‍ സൗദി പൗരന്മാരെല്ലാവരും സമന്മാരാണ്. ജോലിക്കിടെയും തൊഴില്‍ നിയമനത്തിനിടെയും പരസ്യത്തിനിടെയും ഒരു രീതിയിലുള്ള വിവേചനങ്ങളും പാടില്ലെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. പ്രമുഖ സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിച്ച പുരുഷ ജീവനക്കാരെ മാത്രം തേടുന്ന തൊഴില്‍ പരസ്യത്തെ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.