Sorry, you need to enable JavaScript to visit this website.

നായ്ക്കളിൽ മാരകമായ 'കാനിൻ പർവോവൈറസ്' പടരുന്നു; മരണസാധ്യത 91 ശതമാനത്തിലധികം

കൊല്‍ക്കത്ത-  നായ്ക്കളിൽ മാരകമായ 'കാനിൻ പർവോവൈറസ്' പകർച്ച നടക്കുന്നതായി റിപ്പോർട്ട്. പശ്ചിമബംഗാളിലാണ് ഈ വൈറസ്സിന്റെ വ്യാപനം ഗുരുതരമായ രീതിയിൽ നടക്കുന്നത്. ഇതിനകം തന്നെ 250 നായ്ക്കൾ ഈ രോഗബാധയിൽ മരിച്ചതായാണ് വിവരം.

നായ്ക്കളിൽ ആമാശയവീക്കമുണ്ടാക്കുന്ന വൈറസ്സാണിത്. മുഖത്തോടുമുഖം ചേരുന്ന സന്ദർഭങ്ങളിലാണ് ഈ രോഗം പകരുക. ചികിത്സ ലഭിച്ചില്ലെങ്കിൽ 91 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ പശ്ചിമബംഗാളിലെ ബിഷ്നപൂർ, ബങ്കൂര എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ നായ്ക്കളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് അറിയുന്നു. വ്യാപനം ശക്തമാണ് എന്നതിന്റെ സൂചനയാണിത്.

അതിവേഗം പടരുന്ന വൈറസ്സാണിത്. വാക്സിനേഷൻ വഴി ഒഴിവാക്കാവുന്നതേയുള്ളൂ ഈ രോഗം. എന്നാൽ വളർത്തുനായ്ക്കളുടെ ഉടമകൾ കോവിഡ് മൂലം ഇത്തരം കാര്യങ്ങൾ പിന്നത്തേക്ക് മാറ്റി വെക്കുന്നതാകാം ഇപ്പോഴത്തെ ഈ രോഗപ്പകർച്ചയ്ക്ക് കാരണമെന്നാണ് വെറ്റിറിനേറിയൻമാർ ചൂണ്ടിക്കാണിക്കുന്നത്.

"മഹാമാരി മൂലം നിരവധി നായ്ക്കൾക്ക് വാക്സിനേഷൻ കിട്ടിയിട്ടില്ല. ഇതോടൊപ്പം ഡോക്ടർമാരുടെ അഭാവവും നിലവിലുണ്ട്. വാക്സിനേഷൻ ഇതുമൂലം നടക്കാതെ വരികയാണ്," വെറ്ററിനറി ഡോക്ടറായ സുഭാഷ് സർക്കാർ പറയുന്നു.

പർവോവൈറസ് ഒരു പുതിയ രോഗമൊന്നുമല്ലെങ്കിലും കൊൽക്കത്തയിൽ വാക്സിൻ ലഭ്യമല്ലാത്ത പ്രശ്നവുമുണ്ട്. തെരുവുനായ്ക്കളെ ആരും വാക്സിനെറ്റ് ചെയ്യില്ലായെന്നതിനാൽ രോഗപ്പകർച്ച ഇനിയും കൂടുമെന്ന് തന്നെയാണ് വിദഗ്ധർ കരുതുന്നത്.

കാലാവസ്ഥ മാറുമ്പോൾ ഈ രോഗവും മാറാൻ ഇടയുണ്ട്. ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായ ചർദ്ദി, വയറിളക്കം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

Latest News