ഇസ്ലാമാബാദ്- പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ശ്രമം രൂക്ഷമായ ഏറ്റുമുട്ടലില്‍ കലാശിച്ച പാക്കിസ്ഥാന്‍ തലസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പട്ടാളത്തെ വിളിച്ചു.
ഇന്നലെ രാത്രിയോടെയാണ് സൈനികരെ വിന്യസിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
തലസ്ഥാനത്തിന്റെ സുരക്ഷക്കാണ് സൈന്യത്തെ വിന്യസിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ തലസ്ഥാന അതോറിറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സൈനികരെ നിയോഗിക്കുമെന്നും ഇനിയൊരു അറിയിപ്പ് വരെ ഇത് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തലസ്ഥാനമായ ഇസ്്‌ലാമബാദിനെ റാവല്‍പിണ്ടിയുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്്ഷനില്‍ മതസംഘടന ആരംഭിച്ച പ്രതിഷേധ ധര്‍ണക്കെതിരെ പോലീസ് ഇന്നലെ രാവിലെ നടപടി സ്വീകരിച്ചിരുന്നു. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ പോലീസ് നടപടി കാരണമായി. പല പ്രധാന നഗരങ്ങളും പ്രതിഷേധത്തില്‍ സ്തംഭിച്ചു.
തഹ്‌രീകെ ലബ്ബൈക്ക് യാ റസൂല്ലാഹ് പ്രവര്‍ത്തകര്‍ക്ക് പിരിഞ്ഞുപോകാന്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ അനുവദിച്ച സമയം അവസാനിച്ചതിനെ തുടര്‍ന്നാണ് നൂറുകണക്കിന് പോലീസുകാര്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ 20 ദിവസമായി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരും പോലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലിലാണ് ഇത് കലാശിച്ചത്. കല്ലേറില്‍ പരിക്കേറ്റവേരയും കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടവരേയും വിവിധ ആശുപ്രത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 200 പേരില്‍ ഭൂരിഭാഗവും പോലീസുകാരാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
പോലീസ് നടപടിയെ കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചതോടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് ടെലിവിഷന്‍ സംപ്രേഷണം തടഞ്ഞ അധികൃതര്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ബ്ലോക്ക് ചെയ്തു.
പ്രശ്‌നം സമാധാനപരമായി കൈകാര്യം ചെയ്യാന്‍ സൈനിക മേധാവി ജന. ഖമര്‍ ജാവേദ് ബജ്്‌വ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയോട് ടെലിഫോണില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ മുഹമ്മദ് (സ) അന്ത്യപ്രവാചകനാണെന്ന പരാമര്‍ശം ഒഴിവാക്കിയ നിയമ മന്ത്രി രാജിവെക്കണമെന്ന്് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം തുടങ്ങിയത്. അച്ചടിപ്പിശകാണെന്നും പിന്നീട് തിരുത്തിയെന്നും വ്യക്തമാക്കിയ മന്ത്രി സാഹിദ് ഹാമിദ് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ മന്ത്രി രാജിവെക്കുന്നതുവരെ ഇന്‍ര്‍സെക്്ഷനിലെ ധര്‍ണ അവസാനിപ്പിക്കില്ലെന്ന കര്‍ശന നിലപാടെടുക്കുകയായിരുന്നു പ്രതിഷേധക്കാര്‍. ജനജീവിതത്തെ ബാധിച്ചതിനല്‍ പ്രതിഷേധക്കാരെ നീക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്നലെ പോലീസ് നടപടി ആരംഭിച്ചത്.