കൊല്‍ക്കത്ത- അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിലെ വിവിധ ജില്ലകളിൽ കേന്ദ്ര സേനകളുടെ റൂട്ട് മാർച്ചും പട്രോളിങ്ങും. ഞായറാഴ്ചയാണ് ഇതിന് തുടക്കമിട്ടത്. വോട്ടർമാരുടെ ആത്മവീര്യം ഉയർത്താനാണ് ഈ നടപടിയെന്നാണ് സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. അതെസമയം കേന്ദ്രസേനകളുടെ ഈ നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തു വന്നു.
ബിജെപി തെരഞ്ഞെടുപ്പിനെ തെരഞ്ഞെടുപ്പായല്ല, യുദ്ധമായാണ് കണക്കാക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച സംസ്ഥാനത്തേക്ക് പന്ത്രണ്ടോളം കേന്ദ്ര സായുധ സേനാ കമ്പനികളാണ് എത്തിച്ചേർന്നത്. ഫെബ്രുവരി 25ഓടെ കുറഞ്ഞത് 125 കമ്പനികൾ സംസ്ഥാനത്തേക്ക് എത്തിച്ചേരും.
60 കമ്പനി സിആർപിഎഫ്, 30 കമ്പനി സശസ്ത്ര സീമ ബൽ, 25 കമ്പനി ബിഎസ്എഫ്, 5 കമ്പനി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, 5 കമ്പനി ഇന്തോ തിബറ്റൻ ബോർഡർ ഫോഴ്സ് എന്നിങ്ങനെയാണ് സൈന്യത്തിന്റെ പശ്ചിമബംഗാളിലേക്കുള്ള വരവ്.
നിരവധി പ്രദേശങ്ങളിൽ സൈന്യവും പൊലീസും ചേർന്നാണ് റൂട്ട് മാർച്ച് നടത്തിയത്. ബിർഭൂം, ബങ്കൂര, ഹൌറ, നോർത്ത്-സൌത്ത് 24 പർഗാനാസ്, വെസ്റ്റ് മിഡ്നാപൂർ, ബർദ്വാൻ സിറ്റി തുടങ്ങിയ ഇടങ്ങളിലേക്കാണ് സൈന്യം എത്തിയിരിക്കുന്നത്.
ബംഗാളിൽ ജനങ്ങളുടെ പിന്തുണയില്ലെന്ന് അറിയാവുന്ന ബിജെപി യുദ്ധടാങ്കുകൾ വരെ അയച്ചേക്കുമെന്ന് തൃണമൂൽ നേതാവ് ഭ്രാത്യാ ബസു പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഇതിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഭംഗാർ ഏരിയയിലെ ഭോഗോലി-2 പഞ്ചായത്തിന്റെ തൃണമൂൽ ഘടകം പ്രസിഡണ്ട് ഇത്തരമൊരു ഭീഷണി ഉയർത്തിയിരുന്നു. തൃണമൂലുകാർക്കല്ലാതെ മറ്റാർക്കും പോളിങ് ബൂത്തിലേക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.