പുതുച്ചേരി - കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പുതുച്ചേരി സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഭൂരിപക്ഷം തെളിയിക്കാനാണ് നിയമസഭ ഇന്ന് ചേർന്നത്. ഭരണ മുന്നണിയിലെ രണ്ട് എം.എൽ.എമാർ കൂടി രാജിവെച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. വോട്ടെടുപ്പിന് മുന്നേ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി നാരായണ സ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.
കോൺഗ്രസ് എം.എൽ.എ ലക്ഷ്മീനാരായണൻ, സഖ്യകക്ഷിയായ ഡി.എം.കെ എം.എൽ.എ വെങ്കിടേശൻ എന്നിവരാണ് ഇന്നലെ രാജിവെച്ചത്. ഇതോടെ 26 അംഗ അസംബ്ലിയിൽ സഖ്യത്തിന്റെ അംഗബലം 12 മാത്രമായി. കേവല ഭൂരിപക്ഷത്തിന് ഒന്ന് കുറവ്. ഇതോടെ മുഖ്യമന്ത്രി വി. നാരായണ സ്വാമി ഇന്ന് വിശ്വാസ വോട്ട് തേടുമോ, അതിനു മുമ്പ് ലെഫ്റ്റനന്റ് ഗവർണർ തമിലിശൈ സൗന്ദർരാജന് രാജിക്കത്ത് നൽകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം അവശേഷിക്കേ, പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്കാണ് നീങ്ങുന്നത്.
അസംബ്ലിയിൽ വിശ്വാസ വോട്ട് തേടുമെന്നും സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും മുഖ്യമന്ത്രി വി. നാരായണ സ്വാമി അവകാശപ്പെട്ടിരുന്നു. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകിക്കഴിഞ്ഞു. അവ ഇന്ന് സഭയിൽ നടപ്പാക്കും. കോൺഗ്രസ് എം.എൽ.എമാരുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
33 ആണ് പുതുച്ചേരി അസംബ്ലിയുടെ മൊത്തം അംഗബലം. ഇതിൽ മൂന്ന് പേർ നാമനിർദേശം ചെയ്യപ്പെട്ടവരാണ്. ഇവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
തനിക്ക് പാർട്ടി വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് പറഞ്ഞാണ് നാല് തവണ എം.എൽ.എ ആയ ലക്ഷ്മീനാരായണൻ രാജിവെച്ചത്. ഇത്രയും സീനിയറായിട്ടും തന്നെ പാർട്ടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്ന് അദ്ദേഹം പരിഭവിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷ പദം നൽകാത്തതിലും സ്പീക്കർ പദം നൽകാത്തതിലുമെല്ലാം ലക്ഷ്മീനാരായണന് പ്രതിഷേധമുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. താൻ കോൺഗ്രസിൽനിന്നും രാജിവെക്കുമെന്ന് പറഞ്ഞ ലക്ഷ്മീനാരായണൻ ബി.ജെ.പിയിൽ ചേരുന്ന കാര്യം വ്യക്തമാക്കിയില്ല. രാജിവെച്ച ഡി.എം.കെ എം.എൽ.എ വെങ്കിടേശൻ കാരണം വ്യക്തമാക്കിയില്ല.
ബി.ജെ.പിയുടെ ഗൂഢാലോചനയാണ് തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി ആരോപിച്ചു. രാജ്യത്തെങ്ങും കോൺഗ്രസ് സർക്കാരുകളെ അട്ടിമറിക്കുകയെന്ന മോഡി സർക്കാരിന്റെ പദ്ധതിയാണ് പുതുച്ചേരിയിലും നടപ്പാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.