ആദ്യം മ്യാന്മറിനകത്തെ താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റും
മ്യാന്മര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും
മ്യാന്മര്‍, ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി പോപ്പ് ഫ്രാന്‍സിസ് ഇന്ന് എത്തുന്നു
ധാക്ക- ലക്ഷക്കണക്കിനു വരുന്ന റോഹിംഗ്യ മുസ്്‌ലിംകളെ പുനരധിവസിപ്പിക്കുന്നതിന് യു.എന്‍. അഭയാര്‍ഥി ഏജന്‍സിയുടെ സഹായം തേടാന്‍ ബംഗ്ലാദേശും മ്യാന്മറും തീരുമാനിച്ചു. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബുല്‍ ഹസന്‍ മഹ്്മൂദ് അലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മ്യാന്മര്‍ സൈന്യത്തിന്റേയും ബുദ്ധ സായുധ സംഘങ്ങളുടേയും ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളെ തിരികെ എത്തിക്കാന്‍ മ്യാന്മര്‍ സമ്മതിച്ചിരുന്നുവെങ്കിലും വിശദാംശങ്ങള്‍ തയാറാക്കിയിരുന്നില്ല.
റാഖൈന്‍ സ്‌റ്റേറ്റിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നടന്ന കിരാത ആക്രമണത്തെ തുടര്‍ന്ന് ആറു ലക്ഷത്തോളം റോഹിംഗ്യകളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടിയത്. ഓഗസ്റ്റ് 25 ന് റോഹിംഗ്യകള്‍ സൈനിക താവളം ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു സൈന്യവും മിലീഷ്യകളും ബലാത്സംഗവും തീവെപ്പും ആരംഭിച്ചത്.
രണ്ടു മാസത്തിനകം റോഹിംഗ്യകളെ തിരികെ സ്വീകരിക്കാമെന്ന കരാറില്‍ മ്യാന്മറും ബംഗ്ലാദേശും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒപ്പുവെച്ചത്. റോഹിംഗ്യകളുടെ മടക്കം സുരക്ഷിതമാക്കാന്‍ യു.എന്‍. അഭയാര്‍ഥി ഹൈക്കമ്മീഷണറുടെ മേല്‍നോട്ടം ഉണ്ടായിരിക്കണമെന്ന് പൗരാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഈ ദൗത്യം ഏറ്റെടുക്കമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
യു.എന്‍.എച്ച്.സി.ആറിന് അതിന്റെ പങ്കുവഹിക്കാനുണ്ടെന്നും പുനരധിവാസ പ്രക്രിയയില്‍ അവരുടെ സഹായം തേടാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും ധാക്കയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി പറഞ്ഞത്. കരാര്‍ പ്രകാരം മ്യാന്മര്‍ യു.എന്‍.എച്ച്.സി.ആറിന്റെ സഹായം തേടുമെന്ന് അബുല്‍ ഹസന്‍ അലി പറഞ്ഞു.
ഇന്നു മുതല്‍ ഡിസംബര്‍ രണ്ടുവരെ പോപ്പ് ഫ്രാന്‍സിസ് മ്യാന്മറും ബംഗ്ലാദേശും സന്ദര്‍ശിക്കാനിരിക്കെയാണ് റോഹിംഗ്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ നയതന്ത്ര വഴിത്തിരിവുണ്ടായത്.
പാടങ്ങളും മത്സ്യഫാമുകളും മാര്‍ക്കറ്റുകളുമൊക്കെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറുവഴി കാണാതെയാണ് സംഘര്‍ഷം അവസാനിച്ചിട്ടും മ്യാന്മറില്‍നിന്ന് അഭയാര്‍ഥികള്‍ ഒഴുകിയത്. ബംഗ്ലാദേശിലേക്കുള്ള ബോട്ട് കിട്ടാന്‍ സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബീച്ചുകളില്‍ കുടുങ്ങിക്കിടന്നത് കരളലിയിക്കുന്ന കാഴ്ചകളായിരുന്നു.
റോഹിംഗ്യകളുടെ പുനരധിവാസ പ്രക്രിയ ആരംഭിക്കുന്നതിനുള്ള അന്തിമ വ്യവസ്ഥകള്‍ തയാറാക്കാന്‍ മൂന്നാഴ്ചക്കകം സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് വിദേശ മന്ത്രി പറഞ്ഞു. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍ വിട്ടു പോകുന്നവരെ ആദ്യം മ്യാന്‍മറിലെ വീടുകള്‍ക്ക് സമീപം തുറക്കുന്ന താല്‍ക്കാലിക ക്യാമ്പുകളിലാണ് പാര്‍പ്പിക്കുക. റാഖൈനില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് ഇന്ത്യയില്‍നിന്നും ചൈനയില്‍നിന്നും സഹായം തേടാന്‍ മ്യാന്മറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
താല്‍ക്കാലികമായി തയാറാക്കുന്ന ക്യാമ്പുകളില്‍ അഭയാര്‍ഥികള്‍ ദീര്‍ഘകാലം കഴിയേണ്ടിവരില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബംഗ്ലാേദശ് മ്യാന്മറിനോട് ആവശ്യപ്പെട്ടു. തിരികെ എത്തുന്ന റോഹിംഗ്യകള്‍ക്ക് ഉടന്‍ തന്നെ ദേശീയ വെരിഫിക്കേഷന്റെ ഭാഗമായുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും.
വംശീയ ഉന്മൂലനമെന്നാണ് മ്യാന്മറിലെ അതിക്രമങ്ങളെ യു.എന്നും യു.എസും വിശേഷിപ്പിച്ചിരുന്നത്. കൂട്ടബലാത്സംഗങ്ങളും കൂട്ടക്കൊലകളുമാണ് സുരക്ഷാസേന നടത്തിയതെന്നാണ് പൗരാവകാശ സംഘടനകള്‍ ആരോപിച്ചത്. അതിക്രമങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൈനികര്‍ അതിക്രമങ്ങള്‍ കാണിച്ചിട്ടില്ലെന്ന് മ്യാന്മര്‍ സായുധ സേനാ കമാന്‍ഡര്‍ സീനിയര്‍ ജനറല്‍ മിന്‍ ഓംഗ് ഹ്ലായിംഗ് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി മ്യാന്മര്‍ കമാന്‍ഡര്‍ ചര്‍ച്ച നടത്തിയിരുന്നു. മ്യാന്മറുമായി ശക്തമായ സൈനിക സഹകരണം ഉറപ്പുവരുത്താനാണ് ചൈനയുടെ ശ്രമം.
ഏറ്റവും ഒടുവിലത്തെ അഭയാര്‍ഥി പ്രവാഹത്തിനുമുമ്പുതന്നെ ബംഗ്ലാദേശില്‍ നാലു ലക്ഷത്തോളം റോഹിംഗ്യ അഭയാര്‍ഥികളുണ്ട്. കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇവരേയും പുനരധിവസിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി പറഞ്ഞു.
റാഖൈനില്‍ നാടുവിടാത്തവരായി ആയിരക്കണക്കിന് റോഹിംഗ്യകള്‍ അവശേഷിക്കുന്നുണ്ടെന്നും നിഷ്പക്ഷ കണക്കുകള്‍ വ്യക്തമാക്കുന്നു.