അഹമ്മദാബാദ്- ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരഷത്തിന് (എ.ബി.വി.പി) കനത്ത തിരിച്ചടി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കി സ്വതന്ത്ര വിദ്യാര്‍ഥികള്‍ വിജയിച്ചിരിക്കുന്നത്. ദല്‍ഹി യൂനിവേഴ്‌സിറ്റിയിലും ജവഹര്‍ലാല്‍ നെഹ്്‌റു യൂനിവേഴ്‌സിറ്റിയിലുമേറ്റ ആഘാതം നീങ്ങുന്നതിനു മുമ്പാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തും എ.ബി.വി.പി പിറകിലായത്.
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ദിലീപ് കുമാറും സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അരവിന്ദും വന്‍ഭൂരിപക്ഷത്തിനു ജയിച്ചു.
കോണ്‍ഗ്രസ് പിന്തുണയുള്ള വിദ്യാര്‍ഥി സംഘടനകളും ദളിത്, ഇടത് സംഘടനകളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് എ.ബി.വി.പിക്കെതിരെ പ്രചാരണം നടത്തിയിരുന്നു. ബിര്‍സ അംബേദ്്കര്‍ ഫൂലെ സ്റ്റുഡന്റ് അസോസിയേഷനും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
വിദ്യാര്‍ഥി യൂനിയന്‍ നിലവിലില്ലാത്ത ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി കൗണ്‍സിലിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.