സൈതാമാ(ജപ്പാൻ)- സൗദിയിലെ അൽഹിലാൽ ക്ലബ്ബിനെ തോൽപിച്ച് ജപ്പാനിലെ ഉറാവാ റെഡ്‌സിന് എ.എഫ്.സി ചാംപ്യൻസ് ലീഗ് കപ്പ്. രണ്ടു പാദങ്ങളിലായി നടന്ന മത്സരത്തിൽ 2-1 നാണ് ജാപ്പനീസ് ടീമിന്റെ ജയം. റിയാദിൽ നടന്ന ആദ്യപാദ മത്സരം 1-1 എന്ന നിലയിൽ സമനിലയിലായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് ഉറാവാ വിജയിച്ചു. അവസാന നിമിഷത്തിലാണ് ഉറാവാ റെഡ്‌സ് ഗോളടിച്ചത്. ഇന്നലത്തെ മത്സരം സമനിലയിലായാൽ പോലും എവേ ഗോളിന്റെ പിൻബലത്തിൽ ആതിഥേയർ ജയിക്കുമായിരുന്നു.
എ.എഫ്.സി ചാംപ്യൻസ് കപ്പ് ഉറാവാ റെഡ്‌സ് നേടുന്നത് രണ്ടാം തവണയാണ്. അൽഹിലാൽ ആറു തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഉറാവയുടെ ബ്രസീൽ താരം സിൽവയാണ് വിജയ ഗോൾ നേടിയത്.
ഒന്നാം പകുതിയിൽ ഏറെക്കുറെ ആധിപത്യത്തോടെ കളിക്കുന്നതിന് അൽഹിലാലിന് സാധിച്ചു. അഞ്ചാം മിനിറ്റിലും ഇരുപത്തിയഞ്ചാം മിനിറ്റിലും സാലിം അൽദോസരി നടത്തിയ ഉഗ്രൻ ഷോട്ടുകൾ ഗോൾ വലയത്തിന് പുറത്തേക്കാണ് പോയത്. ഏതാനും തവണ കൂടി അൽഹിലാൽ ഉറാവയുടെ ഗോൾ പോസ്റ്റിലേക്ക് പന്ത് പായിച്ചെങ്കിലും എല്ലാം ലക്ഷ്യം പിഴച്ചു. നാൽപതാം മിനിറ്റിൽ സാലിം അൽദോസരി ടിച്ച പന്ത് ഗോൾ പോസ്റ്റിന്റെ ബാറിൽ തട്ടി പുറത്തേക്ക് തെറിച്ചു. 42 ാം മിനിറ്റിൽ മിലിസിയും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിൽ തട്ടിത്തെറിച്ചു.
രണ്ടാം പകുതിയിൽ ഉറാവാ ആക്രമണ ശൈലി പുറത്തെടുത്തു. ഗോളി അബ്ദുല്ല അൽമഅ്‌യൂഫിന്റെ ഗോൾ വലയം ലക്ഷ്യമിട്ട് ഉറാവായുടെ സ്‌ട്രൈക്കർമാർ നടത്തിയ ആക്രമണങ്ങളെ അൽഹിലാൽ ഡിഫണ്ടർമാരായ ഉസാമ ഹോസാവിയും മുഹമ്മദ് അൽജഹ്ഫലിയും ചെറുത്തു. സ്‌ട്രൈക്കർമാരായ ഉമർ ഖർബീനു പകരം മുഖ്താർ ഫല്ലാതയെയും ഫറജിന് പകരം യാസിർ അൽഖഹ്താനിയെയും അൽഹിലാൽ ടെക്‌നിക്കൽ മാനേജർ ദിയാസ് അറുപതാം മിനിറ്റിൽ കളത്തിലിറക്കി. 65 ാം മിനിറ്റിൽ മുഹമ്മദ് അൽബരൈകിനെ ഗോൾ പോസ്റ്റിനു സമീപം വെച്ച് ജപ്പാൻ ക്ലബ് ഡിഫന്റർമാർ തള്ളിയിട്ടു. എന്നാൽ ഉസ്‌ബെക്കിസ്ഥാൻ റഫറി പെനാൽറ്റിക്കുള്ള അൽഹിലാലിന്റെ ആവശ്യം നിരാകരിച്ചു. 73 ാം മിനിറ്റിൽ അൽഹിലാൽ ഗോളി അബ്ദുല്ല അൽമഅ്‌യൂഫ് ഉറാവായുടെ നാസുകിയുടെ ഹെഡ് തട്ടിമാറ്റി. 78 ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് സാലിം അൽദോസരി പുറത്തായതോടെ പത്തു കളിക്കാരെ വെച്ചാണ് അൽഹിലാൽ കളിച്ചത്. 86 ാം മിനിറ്റിൽ മുഹമ്മദ് അൽശൽഹൂബിനെ കളത്തിലിറക്കി കോച്ച് പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല.