പുതുച്ചേരി- പുതുച്ചേരി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവെച്ചു.
ഭരണകക്ഷിയ്ക്ക് ഭൂരിപക്ഷമില്ലാതായതിനെത്തുടർന്ന് നാളെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കേണ്ടത്.
നാല് തവണ കോൺഗ്രസ് എംഎൽഎ ആയ ലക്ഷ്മിനാരായണനാണ് രാജി സമർപ്പിച്ചത്. സീനിയർ നേതാവായിട്ടും പാർട്ടിയിൽ അംഗീകാരം ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍നിന്നു രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷ്മിനാരായണന്‍ കൂടി രാജിവെച്ചതോടെ പുതുച്ചേരി നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 13 ആയി കുറഞ്ഞു. 27 ആണ് സഭയുടെ മൊത്തം അംഗബലം.
മുതിർന്ന നേതാവാണെങ്കിലും എന്നെ മന്ത്രിയാക്കിയിട്ടില്ല. പ്രതിസന്ധിയുടെ പേരിൽ തന്നെ പൂർണമായും കുറ്റപ്പെടുത്തേണ്ടെന്നും ഭരണകക്ഷിയായ കോൺഗ്രസ് ന്യൂനപക്ഷമായി മാറിയെന്നും ലക്ഷ്മിനാരായണൻ പറഞ്ഞു. ബിജെപി സമീപിച്ചിട്ടുണ്ടെങ്കിലും അനുയായികളോട് ആലോചിച്ച ശേഷം അടുത്ത നീക്കം തീരുമാനിക്കുമെന്നും ലക്ഷ്മിനാരായണൻ പറഞ്ഞു.
ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ചൂണ്ടിക്കാട്ടി ലെഫ്റ്റനന്റ് ഗവർണർ തമിഴ്സായ് സൗന്ദരരാജൻ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടാന്‍ നിർദേശിച്ചിട്ടുണ്ട്.