Sorry, you need to enable JavaScript to visit this website.

പക്ഷിപ്പനി മനുഷ്യരിൽ കണ്ടെത്തി; വൈറസ് വ്യതിയാനത്തെ ഭയക്കണമെന്ന് റഷ്യന്‍ ശാസ്ത്രജ്ഞർ

 

മോസ്കോ- H5N8 എന്ന പക്ഷിപ്പനി പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തി. റഷ്യൻ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത്. ലോകത്തിൽ ഇതാദ്യമായാണ് ഈ പക്ഷിപ്പനിയുടെ മനുഷ്യരിലേക്കുള്ള പകർച്ച കണ്ടെത്തുന്നത്.

ദക്ഷിണ റഷ്യയിലെ ഒരു പൌൾട്രി ഫാമിലെ ഏഴ് തൊഴിലാളികളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് വെക്തോർ ലബോറട്ടറി ഈ സ്ട്രെയിനിന്റെ ജനിതക പദാർത്ഥം വേർതിരിച്ചെടുത്തത്. ഈ തൊഴിലാളികൾക്ക് പൌൾട്രിയിൽ നിന്നു തന്നെയാകാം രോഗം പകർന്നതെന്നാണ് കരുതപ്പെടുന്നത്. ഇവർക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. റഷ്യയിൽ ഡിസംബർ മാസം മുതൽക്കാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്.

പക്ഷികൾക്ക് മാരകമാകാറുള്ള H5N8 വൈറസ് മനുഷ്യരിൽ പകരുന്നതായി ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഈ വൈറസ് ഇനിയും പരിവർത്തനം സംഭവിച്ച് കൂടുതൽ അപകടകാരിയായിത്തീരുമോയെന്നത് കാലം ഉത്തരം തരേണ്ട കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഭാവിയിൽ നടക്കാനിടയുള്ള വൈറസ് വ്യതിയാനങ്ങൾക്കായി സജ്ജമാകാൻ ലോകത്തിന് ഒരു താക്കീതാണ് ഈ കണ്ടെത്തലെന്ന് ലബോറട്ടിറിയിലെ ശാസ്ത്രജ്ഞ അന്ന പോപോവ പറയുന്നു.

ഈ കണ്ടെത്തൽ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുകയും ചെയ്തു.

Latest News