Sorry, you need to enable JavaScript to visit this website.

പൗരത്വ ഭേദഗതി നിയമം അടിച്ചേൽപിച്ചാൽ  നിയമലംഘന പ്രസ്ഥാനം ആരംഭിക്കും -ഡോ.തസ്‌ലീം 

എസ്.ഡി.പി.ഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിൻ മലപ്പുറത്ത് ദേശീയ സെക്രട്ടറി ഡോ.തസ്‌ലീം അഹമ്മദ് റഹ്മാനി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം - പൗരത്വ ഭേദഗതി നിയമം രാജ്യത്തെ പൗരന്മാരിൽ അടിച്ചേൽപിച്ചാൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഡോ.തസ്ലീം അഹമ്മദ് റഹ്മാനി പറഞ്ഞു. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന പേരിൽ എസ്.ഡി.പി.ഐ നടത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പ്  പ്രചാരണ കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഇവിടത്തെ പൗരന്മാരാണ് എന്നതാണ് നമ്മുടെ രീതിയും പാരമ്പര്യവും. അത് തിരുത്തി ചില പ്രത്യേക വിഭാഗങ്ങളെ നാട്ടിൽ നിന്നും പുറത്താക്കാനാണ് പുതിയ നിയമ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്. അത് ഭരണഘടനയുടെ ലംഘനമാണ് -അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിലെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ദിശാബോധം നൽകിയ പ്രസ്ഥാനമായിരുന്നു മുസ്‌ലിം ലീഗ്. സമുദായത്തിന്റെ വേദനകളും ആശങ്കകളും പാർലൻമെന്റ് അടക്കമുള്ള വേദികളിൽ ഇബ്രാഹിം സുലൈമാൻ സേട്ടും ബനാത്ത് വാലയും ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോഴുള്ള ലീഗ് നേതൃത്വം അധികാരത്തിന് വേണ്ടി എല്ലാം ബലികഴിക്കുകയാണ്. 
ഫാസിസത്തെ ദൽഹിയിൽ പോയി പ്രതിരോധിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി യുദ്ധം മതിയാക്കി കേരളത്തിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ്. ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പോലും അധികാരത്തിന്റെ മുന്നിൽ അവഗണിക്കുകയും മറക്കുകയും ചെയ്യുകയാണ്. ലീഗിലുള്ള എല്ലാ വിശ്വാസവും ജനങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നഷ്ടമായിരിക്കുന്നു -അദ്ദേഹം പറഞ്ഞു.


കേരളത്തെ ഭീകര സംസ്ഥാനമാക്കി ചിത്രീകരിച്ച് വർഗീയ കലാപങ്ങളും വർഗീയ ധ്രുവീകരണവുമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഗൂഢാലോചനയാണ് ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്നത്. യോഗി ആദിത്യനാഥിനെ  സംസ്ഥാനത്തു കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമായാണ്. ഇതിനെതിരെ ജനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ജാഗ്രത പാലിക്കണം -അദ്ദേഹം പറഞ്ഞു. യോഗത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് പി.അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. 
ജില്ലാ ജനറൽ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് വിഷയമവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയ് അറക്കൽ, പി.അബ്ദുൽ ഹമീദ്, സംസ്ഥാന ട്രഷറർ അഡ്വ.അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. എ.എ റഹീം, ജലീൽ നീലാമ്പ്ര, ഡോ. സി.എച്ച് അഷ്‌റഫ്, കൃഷ്ണൻ എരഞ്ഞിക്കൽ, ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ്, വൈസ് പ്രസിഡണ്ടുമാരായ അഡ്വ.സാദിഖ് നടുത്തൊടി, എം.പി മുസ്തഫ എന്നിവർ സംസാരിച്ചു.

 

 

Latest News