- ഇറാൻ ആത്മീയ നേതാവ് പുതിയ ഹിറ്റ്‌ലർ
- ഇസ്‌ലാമിനെ പുനർവ്യാഖ്യാനിക്കില്ല
റിയാദ് - ഇസ്‌ലാമിനെ പുനർവ്യാഖ്യാനിക്കുകയല്ലെന്നും മറിച്ച് അതിനെ അടിസ്ഥാന പ്രമാണങ്ങളിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചെത്തിക്കാനാണ് ശ്രമമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. പ്രവാചകചര്യയാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആയുധമെന്നും ന്യൂയോർക്ക് ടൈംസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പ്രവാചക കാലത്ത് സ്ത്രീകളും പുരുഷന്മാരും പൊതുജീവിതത്തിൽ തുല്യസ്ഥാനം വഹിച്ചിരുന്നു. അറേബ്യൻ ഉപദ്വീപിലെ ക്രിസ്ത്യാനികളെയും ജൂതന്മാരെയും പ്രവാചകൻ ആദരിച്ചിരുന്നു.
മദീന ചന്തയിൽ വാണിജ്യ തർക്കങ്ങളിൽ തീർപ്പ് കൽപിച്ചിരുന്നത് വനിതയായിരുന്നു. രണ്ടാം ഖലീഫ ഉമർ (റ) ഇതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നു. ഉമർ (റ) മുസ്‌ലിമായിരുന്നില്ല എന്നാണോ ഇന്ന് തീവ്രനിലപാടുകാർ കരുതുന്നതെന്ന് കിരീടാവകാശി ചോദിച്ചു.
സൗദി പിന്തുണയോടെയുള്ള യെമൻ യുദ്ധം നിയമാനുസൃത ഭരണകൂടത്തിന് മേൽക്കൈ നൽകിയിട്ടുണ്ട്. യെമന്റെ 85 ശതമാനം പ്രദേശങ്ങളും നിയമാനുസൃത ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. ഇറാൻ അനുകൂലികളായ ഹൂത്തികൾ റിയാദ് എയർപോർട്ട് ലക്ഷ്യമാക്കി മിസൈൽ തൊടുത്തു. യെമൻ മുഴുവൻ നിയമാനുസൃത ഭരണകൂടത്തിന്റെ നിയന്ത്രണത്തിനു കീഴിലാക്കിയില്ലെങ്കിൽ അത് മേഖലയുടെ സുരക്ഷക്ക് ഭീഷണിയായി മാറുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇറാൻ പരമോന്നത ആത്മീയ നേതാവ് മധ്യപൗരസ്ത്യ ദേശത്തെ പുതിയ ഹിറ്റ്‌ലറാണ്. യൂറോപ്പിൽ സംഭവിച്ചത് മധ്യപൗരസ്ത്യ ദേശത്ത് ആവർത്തിക്കുന്നതിന് ഇറാനിൽ മറ്റൊരു ഹിറ്റ്‌ലർ രംഗപ്രവേശം ചെയ്യാൻ പാടില്ല- അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പദവിക്ക് അനുയോജ്യനായ വ്യക്തിയാണ്. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല നിയന്ത്രിക്കുന്ന ഒരു ഗവൺമെന്റ് രാഷ്ട്രീയ മറ നൽകാൻ സഅദ് അൽഹരീരിക്ക് സാധിക്കില്ല.
മനസ്സിലുള്ള എല്ലാ കാര്യങ്ങളും സാക്ഷാൽക്കരിക്കപ്പെടുന്നതിനുമുമ്പ് മരണപ്പെട്ടേക്കാമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ജീവിതം തീർത്തും ഹ്രസ്വമാണ്. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ലക്ഷ്യങ്ങളെല്ലാം കൺമുന്നിൽ സാക്ഷാൽക്കരിച്ചു കാണാൻ ആഗ്രഹിക്കുന്നു. ഇതുകൊണ്ടാണ് പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതെന്നും രാജകുമാരൻ കൂട്ടിച്ചേർത്തു.