ഭോപ്പാല്‍- നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ പി.സി. ശര്‍മയെ അറസ്റ്റ് ചെയ്തു.
ഇന്ധനവില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചുവെന്നാണ് ആരോപണം. പി.സി ശര്‍മയെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായി ഭോപ്പാല്‍ പോലീസ് സൂപ്രണ്ട് ഭൂപേന്ദ്ര സിംഗ് പറഞ്ഞു.
രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളും ദേശീയ തലസ്ഥാനത്ത് പാര്‍ട്ടിയുടെ യുവജന വിഭാഗവും ശനിയാഴ്ച ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില വര്‍ധിക്കുന്നതിനെതിരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അര്‍ധ ദിന ബന്ദിനാണ് ആഹ്വാനം ചെയ്തിരുന്നത്. പെട്രോള്‍ നിരക്ക് വര്‍ധന പിന്‍വലിക്കമണമെന്നായിരുന്നു ആവശ്യം.
പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ വെട്ടിക്കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും ഇന്ധനവില വര്‍ധനയെ അപലപിച്ചു.
ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ദ്ധിക്കാത്ത ദിവസത്തെ ബിജെപി സര്‍ക്കാര്‍ ആഴ്ചയിലെ നല്ല ദിനമായി പ്രഖ്യാപിക്കണമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു. വിലക്കയറ്റം കാരണം ബാക്കി ദിവസങ്ങള്‍ സാധാരണക്കാര്‍ക്ക് ചെലവേറിയ ദിവസങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.