ചെന്നൈ- കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെ വിവാദ പരാമർശവുമായി തമിഴ്‌നാട്ടിലെ പ്രമുഖ സ്‌കൂളിലെ ചോദ്യപേപ്പർ. കർഷകരെ 'അക്രമാസക്തരായ ഭ്രാന്തൻ'മാരെന്നാണ് പത്താംക്ലാസിലെ വിദ്യാർഥികൾക്കായി തയ്യാറാക്കിയ ചോദ്യപേപ്പറിൽ പരാമർശിച്ചിരിക്കുന്നത്.റിപ്പബ്ലിക് ദിനത്തിൽ ദൽഹിയിലെ ട്രാക്ടർ റാലിയെക്കുറിച്ചുള്ള ചോദ്യങ്ങളിലാണ് വിവാദ പരാമർശമുളളത്. ദിനപത്രത്തിലെ എഡിറ്റർക്ക് കത്തെഴുതാൻ ആവശ്യപ്പെടുന്നതാണ് ചോദ്യം. പുറത്ത് നിന്നുള്ളവരുടെ പ്രേരണയാൽ പൊതുമുതലിന് ഉണ്ടാവുന്ന രൂക്ഷമായ നാശനഷ്ടം വിശദമാക്കി കത്തെഴുതാനാണ് ചോദ്യം ആവശ്യപ്പെടുന്നത്. ഫെബ്രുവരി 11നായിരുന്നു ഈ പരീക്ഷ നടന്നത്. സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്.