കൊല്‍ക്കത്ത- പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കുന്ന ഇന്നത്തെ നീതി ആയോഗ് യോഗത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തേക്കില്ല. ഒരു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെയും മമത നീതി ആയോഗ് യോഗങ്ങളിൽ നിന്ന് വിട്ടു നിന്നിട്ടുണ്ട്. നീതി ആയോഗ് യോഗങ്ങൾ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് മമതയുടെ പക്ഷം. നീതി ആയോഗിന് സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകിച്ച് തീരുമാനമെടുക്കൽ ശേഷിയൊന്നുമില്ല. ഇക്കാരണത്താൽ തന്നെ സംസ്ഥാനങ്ങളുടെ പദ്ധതികളെ പിന്തുണയ്ക്കാനും കഴിയില്ല. ഇത്തവണത്തെ യോഗത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളുടെ തലവൻമാരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ ലഡാക്കിന്റെ അഡ്മിനിസ്ട്രേറ്ററും ഇത്തവണ യോഗത്തിൽ പങ്കെടുക്കും. ഇത്തവണ കൃഷി, അടിസ്ഥാനസൌകര്യം, മാവവവിഭവശേഷി വികസനം തുടങ്ങിയ നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.