ബെയ്ജിങ്- ലഡാക്കിലെ ഗാൽവാൻ താഴ് വരയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ പുറത്തുവിട്ട് ചൈന. ഈ സംഘർഷത്തിൽ ചൈനയുടെ 30 സൈനികർ കൊല്ലപ്പെട്ടെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ജൂൺ മാസം അവസാനത്തിലാണ് സംഘർഷം നടന്നത്. ഒരു ചൈനീസ് മാധ്യമമാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഗാൽവനിൽ തങ്ങളുടെ ഭാഗത്ത് ആൾനാശമുണ്ടായെന്ന് ചൈന സമ്മതിച്ചിരുന്നു. എന്നാൽ ഇന്ത്യ പറയുന്നത്രയും പേർ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ചൈനയുടെ വാദം. ചൈന പറയുന്നത് പ്രകാരം അഞ്ചുപേർ മാത്രമേ അവരുടെ ഭാഗത്ത് കൊല്ലപ്പെട്ടിട്ടുള്ളൂ. ഈ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് 20 സൈനികരെ നഷ്ടമായിരുന്നു.
ചൈനയുടെ ഭാഗത്തേക്ക് ഇന്ത്യൻ സൈന്യം കടന്നുകയറിയെന്ന് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം ചൈനീസ് മാധ്യമ അനലിസ്റ്റായ ഷെൻ ഷിവേയ് ആരോപിച്ചു. കൊടുംതണുപ്പിൽ ഒരു നദി കുറുകെ കടന്ന് ഇരു സൈന്യങ്ങളും സംഘർഷത്തിലേർപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഉന്തും തള്ളും നടക്കുന്നതും കാണാവുന്നതാണ്. രാത്രിയിലും സംഘർഷം തുടരുന്നത് കാണാം. അതേസമയം പാംഗോങ് മേഖലയിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങിയതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് ഈ നീക്കം. അതിർത്തിയിലെ മറ്റ് പ്രശ്നകേന്ദ്രങ്ങളിലും ഇത്തരം പിൻമാറ്റങ്ങളും മറ്റ് പ്രതിവിധികളും ആരായുന്നതിനായി ഇനിയും ചർച്ചകൾ തുടരും. പാൻഗോങ്ങിൽ ചൈന കെട്ടിപ്പൊക്കിയ എല്ലാ താൽക്കാലിക എടുപ്പുകളും നീക്കം ചെയ്തു കഴിഞ്ഞിട്ടുണ്ട്.