പട്ന- സാധാരണക്കാർ കാറോടിക്കാറില്ലെന്നും അതുകൊണ്ടു തന്നെ അവരെ പെട്രോൾ വിലവർധന ബാധിക്കില്ലെന്നും ബിജെപി നേതാവും ബിഹാറിലെ മന്ത്രിയുമായ നാരായൺ പ്രസാദ്. പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നും അദ്ദേഹം.
"സാധാരണക്കാർ കൂടുതലായി ബസ്സുകളാണ് ഉപയോഗിക്കുന്നത്. വളരെക്കുറച്ച് പേർ മാത്രമേ സ്വകാര്യ വാഹനങ്ങളുപയോഗിക്കുന്നുള്ളൂ," അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് പെട്രോൾ വില വർധിച്ചതിൽ പ്രശ്നമൊന്നുമില്ലെന്നും രാഷ്ട്രീയക്കാർ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ജനങ്ങൾക്ക് വിലക്കയറ്റവും ഉയർന്ന വിലയുമെല്ലാം ശീലമാകുമെന്നും അദ്ദേഹം പറഞ്ഞു. "ഇതൊക്കെ എന്നെയും ബാധിക്കുന്നുണ്ട്. ജനങ്ങൾക്കത് ശീലമായിക്കൊള്ളും," അദ്ദേഹം പറഞ്ഞു.
പെട്രോൾ വിലവർധന സംബന്ധിച്ച് രാജ്യത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ വിചിത്രമായ ന്യായീകരണങ്ങൾ വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. സൗരോര്‍ജ്ജവും വൈദ്യുതോര്‍ജ്ജവും പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വില വർധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം മധ്യപ്രദേശിലെ മെഡിക്കൽ എജുക്കേഷൻ മന്ത്രി വിശ്വാസ് സാരംഗ് രംഗത്തു വന്നിരുന്നു.