കൊച്ചി- നടിയെ അക്രമിച്ച കേസിൽ മാധ്യമങ്ങൾ ചർച്ച നടത്തുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുന്നു. മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത് സാക്ഷികളുടെ വിവരങ്ങൾ പുറത്തറിയുന്നതിനും ഇതുവഴി അവർ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയെ സമീപിക്കുന്നത്. സി.ആർ.പി.സി 327 വകുപ്പ് അനുസരിച്ചാണ് അപേക്ഷ.
ദിലീപിനെ എട്ടാം പ്രതിയാക്കി ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അന്നുതന്നെ കുറ്റപത്രത്തിന്റെ പകർപ്പും മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. സാക്ഷികളെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നതിനാൽ കേസുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തരുതെന്നാണ് പോലീസിന്റെ ആവശ്യം.
അതേസമയം, കുറ്റപത്രത്തിന്റെ പകർപ്പ് പോലീസ് തന്നെയാണ് മാധ്യമങ്ങൾക്ക് നൽകിയത്. പ്രതിഭാഗം ്അഭിഭാഷകന് പോലും കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് കൈമാറിയത് സംബന്ധിച്ച് വിമർശനം ഉയർന്നിട്ടുണ്ട്.