അഹമ്മദാബാദ്- ഗുജറാത്തിൽ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടെ മനസ് തൊട്ടറിഞ്ഞ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനം. പതിവുതെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽനിന്ന് മാറി, ജനങ്ങളുടെ മനസിലേക്കാണ് രാഹുൽ ഇറങ്ങുന്നത്. ഇന്നലെ അധ്യാപകരുടെ യോഗത്തിൽ പങ്കെടുത്ത രാഹുൽ, ഏറെക്കാലമായി അവഗണന നേരിടുന്നവർക്ക് ആത്മവിശ്വാസം പകരുകയും അവരുടെ സങ്കടങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും ഉറപ്പുനൽകി. പരിപാടിയിൽ പങ്കെടുത്ത അധ്യാപകരുടെ ചോദ്യങ്ങളെയെല്ലാം ക്ഷമയോടെ നേരിട്ട രാഹുൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ഉറപ്പുനൽകി.
അധ്യാപകർക്കായി സംഘടിപ്പിച്ച പരിപാടിയിൽ രഞ്ജന അവാസ്തി എന്ന ടീച്ചറുടെ ചോദ്യവും അതിനോടുള്ള രാഹുലിന്റെ പെരുമാറ്റവും കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറച്ചു. രാഹുലിന്റെ പ്രസംഗത്തിന് ശേഷം സദസ്യർ ചോദ്യം ഉന്നയിക്കുന്നതിനിടെയാണ് രഞ്ജന അവാസ്തിയുടെ അടുത്തേക്ക് മൈക്ക് എത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാർട്ട്‌ടൈം ടീച്ചർമാരുടെ ക്ഷേമത്തിന് വേണ്ടി കോൺഗ്രസ് എന്തു ചെയ്യുമെന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. താനടക്കമുള്ള അധ്യാപക സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി അവർ വിവരിക്കുകയും ചെയ്തു. അടിസ്ഥാന ആവശ്യങ്ങൾ പോലും തങ്ങൾക്ക് നിഷേധിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
സംസ്‌കൃതത്തിൽ ഞാൻ പി.എച്ച്.ഡി 1994-ൽ പൂർത്തിയാക്കിയതാണ്. ദയനീയമായ അവസ്ഥയിലാണ് ഞങ്ങൾ. 22 വർഷത്തെ സർവീസിന് ശേഷവും പാർട്ട് ടൈം അധ്യാപകരായി തുടരുന്നു. ഇപ്പോഴും ശമ്പളം 12,000 രൂപയാണ്. പ്രസവാവധി പോലും ലഭിക്കുന്നില്ല. റിട്ടയർമെന്റിന് ശേഷം പെൻഷൻ പോലും ലഭിക്കുന്നില്ല. ഞങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല. പെൻഷൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയുമോ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ- ടീച്ചർ ചോദിച്ചു.
അവാസ്തിയുടെ ചോദ്യം കേട്ട് കുറച്ചുനേരം നിശബ്ദനായ രാഹുൽ ഇങ്ങിനെ പറഞ്ഞു.
ചില നേരങ്ങളിൽ ചില ചോദ്യങ്ങൾക്ക് വാക്കുകളിലൂടെ ഉത്തരം നൽകാനാകില്ല.
തന്റെ മൈക്ക് മേശപ്പുറത്ത് വെച്ച് രാഹുൽ അവാസ്തിയുടെ അടുത്തേക്ക് നീങ്ങി. ചടങ്ങ് നടന്ന തക്കോർഭായ് ദേശായി ഹാളിന്റെ മധ്യഭാഗത്തായിരുന്നു രഞ്ജന അവസ്തി ഇരുന്നിരുന്നത്. രാഹുൽ കുറച്ചുനേരം അവരോട് സംസാരിച്ചു. പിന്നീട് അവരെ ചേർത്തു പിടിച്ചു. ഏതാനും നിമിഷം അവരോട് സംസാരിച്ച ശേഷം രാഹുൽ അവരെ ചേർത്തുപിടിച്ചു. സദസിലുണ്ടായിരുന്ന മുഴുവൻ ആളുകളും കണ്ണ് നിറച്ചാണ് ആ രംഗത്തിന് സാക്ഷിയായത്.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ രീതി അവസാനിപ്പിക്കുമെന്ന് രാഹുൽ ഉറപ്പുനൽകി. അധ്യാപകർക്ക് ഫിക്‌സഡ് ശമ്പളം നൽകുന്ന രീതി ഇല്ലാതാക്കുമെന്നും പെൻഷൻ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും രാഹുൽ ഉറപ്പുനൽകി.