ന്യൂദല്‍ഹി- പതഞ്ജലി നിര്‍മിച്ച കോവിഡ് മരുന്നായ കൊറോണില്‍ ഫലപ്രദമാണെന്ന് തെളിയിക്കുന്ന പ്രബന്ധവുമായി യോഗ ഗുരു രാംദേവ്. കേന്ദ്ര മന്ത്രിമാരയ ഹര്‍ഷ് വര്‍ധന്‍, നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലാണ് ബാബാ രാംദേവ് ആദ്യ തെളിവുകള്‍ അടക്കുന്ന ഗവേഷണ പ്രബന്ധം പുറത്തുവിട്ടത്.
കൊറോണിലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ഈ ഗവേഷണ പ്രബന്ധം ഇല്ലാതക്കുമെന്ന് രാംദേവ് പറഞ്ഞു. കൊറോണില്‍ കോവിഡിനുള്ള ഫലപ്രദമായ ആയുര്‍വേദ മരുന്നാണെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്.
ഞങ്ങള്‍ കൊറോണില്‍ പുറത്തിറക്കിയപ്പോള്‍ ആളുകള്‍ അതിന്റെ സാധുതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പിന്തുടരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചോദിച്ചു. ഗവേഷണം വിദേശ രാജ്യങ്ങളില്‍ മാത്രമേ നടക്കൂ എന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ഈ ഗവേഷണത്തിലൂടെ കൊറോണിലിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഞങ്ങള്‍ നീക്കുകയാണ്- രാംദേവ് പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഗവേഷണ തെളിവുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടുണ്ട്. രാജ്യവും ലോകവും സമ്മതിച്ചു, ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇനി ശാ സ്ത്രീയ തെളിവുകളോടെ 150 രാജ്യങ്ങളില്‍ കൊറോണില്‍ വില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം കൊറോണില്‍ പുറത്തിറക്കിയപ്പോള്‍ വലിയ വിവാദമുണ്ടായതിനെ തുടര്‍ന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്ററായാണ് ലൈസന്‍സ് ലഭിച്ചത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ചും തെളിവുകളെക്കുറിച്ചും ഹരിദ്വാര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. കോവിഡ് മരുന്നായി പരസ്യം ചെയ്യുന്നത് നിര്‍ത്താന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടു. ഇപ്പോള്‍ കോവിഡിനെതിരെ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള മരുന്നാണ് കൊറോണിലെന്ന് പതഞ്ജലി അവകാശപ്പെടുന്നു.
കോവിഡിനെതിരെ അനുബന്ധ മരുന്നായി ഇപ്പോള്‍ കോവിഡ് ടാബ്‌ലെറ്റിനെ ആയുഷ് മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പതഞ്ജലി വ്യക്തമാക്കി.
ആയുര്‍വേദത്തിലുള്ള ആളുകളുടെ വിശ്വാസം വര്‍ദ്ധിച്ചുവെന്നും ആരോഗ്യസംരക്ഷണ സംവിധാനം ഉയര്‍ത്തുന്നതിന് എല്ലാത്തരം മരുന്നുകളും യോജിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
കൊറോണിലിന് ആവശ്യമായ ശാസ്ത്രീയ സാധൂകരണം ലഭിച്ചതിനാല്‍ 158 രാജ്യങ്ങളില്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന് പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അനുരാഗ് വര്‍ഷ്‌നി പറഞ്ഞു.