കോഴിക്കോട്- മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും ശ്രീധരൻ വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില്‍ ശ്രീധരൻ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കരുതുന്നത്. നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ലൈറ്റ് മെട്രോ പദ്ധതിക്കായി കാത്തിരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്.
സംസ്ഥാനത്തെ മുന്നണികൾ കേന്ദ്രവുമായി ഏറ്റുമുട്ടൽ മാത്രമാണ് നടത്തുന്നത്. പാർട്ടിയുടെ താൽപര്യം മാത്രമാണ് അവർ നോക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെക്ക് താൻ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു.
കേരളത്തിൽ തനിക്ക് സൽപ്പേരുണ്ട്. ഇങ്ങനെ ഒരാൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചാൽ കൂടുതൽ പേര് പാർട്ടിയിലേക്ക് വരും. യുഡിഎഫ് എൽഡിഎഫ് മുന്നണികളെ ആക്രമിക്കാൻ അല്ല താൻ ബിജെപിയിലേക്ക് പോകുന്നത്. നിഷ്പക്ഷമായി നിന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. കേരളത്തിൽ വ്യാവസായിക അന്തരീക്ഷം ഇല്ല. ആ സാഹചര്യം മാറണം- ഇ ശ്രീധരൻ പറഞ്ഞു.