ന്യൂ ദൽഹി- യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ചതുഷ്കോണ സംഘത്തിൽ കൂടുതൽ ശക്തമായി ഇടപെടുന്നതിന്റെ സൂചനകൾ നൽകി ഇന്ത്യ. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ 'ക്വാഡ്' എന്ന പദം പ്രയോഗിച്ചത് ചൂണ്ടിക്കാട്ടി ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. ഏഷ്യൻ നാറ്റോ എന്നറിയപ്പെടുന്ന ഈ സഖ്യം 2017 മുതൽ സജീവമായെങ്കിലും ഇന്ത്യ ഇതാദ്യമായാണ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ ക്വാഡ് എന്ന പദം ഉപയോഗിക്കുന്നത്. മുമ്പ് ഈ പദം ഉപയോഗിക്കേണ്ട സന്ദർഭങ്ങളിലെല്ലാം 'നാല് രാജ്യങ്ങളുടെ യോഗം' എന്നു മാത്രമാണ് ഇന്ത്യ പ്രയോഗിച്ചിരുന്നത്. ഇത് ഇന്ത്യയുടെ ഉൾവലിച്ചിലായാണ് മനസ്സിലാക്കപ്പെട്ടിരുന്നത്.
മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ മൂലമാണ് ഈ സഖ്യത്തിന് കൂടുതൽ പ്രാധാന്യം സമീപകാലത്തായി കൈവന്നിരിക്കുന്നത്. സഖ്യത്തിന്റെ വിദേശകാര്യമന്ത്രിമാരുടെ ഒരു യോഗത്തിനു ശേഷമാണ് ഇന്ത്യ ഈ പ്രസ്താവന പുറത്തിറക്കിയത്.
ക്വാഡ് മന്ത്രിമാരുടെ യോഗം വിപണി സാമ്പത്തികം, രാഷ്ട്രീയ ജനാധിപത്യം, ബഹുസ്വര സമൂഹങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തങ്ങൾക്കുള്ള സമന്വിതമായ അഭിപ്രായങ്ങൾ പങ്കുവെച്ചതായി വിദേശകാര്യമന്ത്രാലയം പറയുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഓസ്ട്രേലിയയുടെ വിദേശമന്ത്രി മറൈൻ പായ്ൻ, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിത്സു മോതെഗി, ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ട്രംപ് ഭരണകൂടത്തിൽ നിന്നും വ്യത്യസ്തമായിരിക്കില്ല തന്റെ ചൈനയോടുള്ള സമീപനമെന്ന് ഇതിനകം തന്നെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
ക്വാഡ് മന്ത്രിമാരുടെ യോഗത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്തോ-പസിഫിക് മേഖലയിലെ സമാധാനവും ക്ഷേമവും തന്നെയാണ് ഈ സംഭാഷണത്തിലും വിഷയമായത്. ചൈനയുമായി അടുത്തകാലത്തുണ്ടായ ഉരസലുകൾക്കു ശേഷം ഇന്ത്യ കൂടുതൽ ശക്തമായ നിലപാടുകൾ ഈ വിഷയത്തിൽ എടുക്കുന്നുവെന്നാണ് സൂചനകൾ.
ക്വാഡ് ചർച്ചകളെ ഫലവത്തും മൂല്യവത്തുമായാണ് ഇന്ത്യ കാണുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. തുറന്നതും സ്വതന്ത്രമായതുമായ ഇന്തോ-പസിഫിക് മേഖലയാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും പ്രസ്താവന പറയുന്നു.