വാഷിങ്ടൻ- കോവിഡ് മഹാമാരി ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം യുഎസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ വളർച്ചയിൽ വൻ ഇടിവുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ ജി7 നേതാക്കളുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഇന്ന് കൂടിക്കാഴ്ച നടത്തും. വെർച്വലായാണ് യോഗം നടക്കുക. ചൈനയുടെ സ്ഥിരതയുള്ള വളർച്ചയുടെ കൂടി പശ്ചാത്തലത്തിൽ ആ ആശങ്കകൂടി പ്രകടമാക്കുന്നതാണ് സമീപദിനങ്ങളിലെ യുഎസ്സിന്റെ പെരുമാറ്റങ്ങൾ. ട്രംപിന്റേതിൽ നിന്നും വ്യത്യസ്തമായിരിക്കില്ല തന്റെ ചൈനയോടുള്ള സമീപനമെന്ന് ബൈഡന്റെ പ്രസ്താവനകളും സമീപനങ്ങളും വ്യക്തമാക്കിയിരുന്നു. തന്റെ ആദ്യ വിദേശനയ പ്രസംഗത്തിൽ ബൈഡൻ ചൈനയെ യുഎസിന്റെ ‘ഏറ്റവും പ്രധാന എതിരാളി’ എന്നാണ് വിശേഷിപ്പിച്ചത്.
കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടുകയെന്നതാണ് ഇന്നത്തെ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടകളിലൊന്ന്. 1929നും 1939നുമിടയിലുണ്ടായ മഹാമാന്ദ്യത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ മാന്ദ്യമായി മഹാമാരി സൃഷ്ടിച്ച മാന്ദ്യം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് പടിഞ്ഞാറൻ രാജ്യങ്ങളെ ചൈനയ്ക്കെതിരെ ദുർബലമാക്കുമോയെന്ന ഭീതിയും അവർക്കിടയിൽ വളർന്നിട്ടുണ്ട്.
അതെസമയം ഒരു സംഘർഷത്തിലേക്ക് നീങ്ങാൻ താൽപര്യപ്പെടാത്ത രീതിയിലുള്ള പ്രതികരണമാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായത്. ട്രംപ് തകർത്ത ബന്ധം പുനഃക്രമീകരിക്കാൻ ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെ വിദേശകാര്യ കമീഷൻ തലവൻ യാങ് ജിചി ബൈഡനോട് ആവശ്യപ്പെടുകയുണ്ടായി. ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് നിന്നാൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്നായിരുന്നു വിദേശമന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞത്.
"അദ്ദേഹം ആഗോള വീണ്ടെടുപ്പിനെക്കുറിച്ചും അതിനുവേണ്ടി എല്ലാ വ്യാവസായിക രാഷ്ട്രങ്ങളും പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്യും. ചൈനയടക്കമുള്ളവർ കൊണ്ടുവരുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചർച്ചാവിഷയമാക്കും," വൈറ്റ് ഹൌസ് വക്താവ് ജെൻ സാകി പറഞ്ഞു. ഇതോടൊപ്പം വാക്സിൻ ഉൽപാദനവും വിതരണവും സംബന്ധിച്ച വിഷയങ്ങളും ചർച്ചയാകും.